Connect with us

TECHNOLOGY

വാട്ടർ മീറ്റർ റീഡിംഗ് ഇനി മൊബൈൽ ആപ്പിലൂടെ

ഉപഭോക്താക്കള്‍ക്ക് ഇനി വീട്ടിലെ വെള്ളത്തിന്റെ അളവ് സ്വന്തം മൊബൈല്‍ ആപ്പിലൂടെ രേഖപ്പെടുത്തി അയക്കാം.

Published

|

Last Updated

പാലക്കാട് | ഉപഭോക്താക്കള്‍ക്ക് ഇനി വീട്ടിലെ വെള്ളത്തിന്റെ അളവ് സ്വന്തം മൊബൈല്‍ ആപ്പിലൂടെ രേഖപ്പെടുത്തി അയക്കാം. വാട്ടര്‍ അതോറിറ്റിയുടെ പുതിയ സംവിധാനത്തിലൂടെയാണ് ഉപയോഗിക്കുന്ന ജലത്തിന്റെ അളവറിയാന്‍ കഴിയുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രിത മേഖലകളില്‍ വിജയിച്ച മാതൃകയാണ് സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നത്. സമ്പര്‍ക്കം ഒഴിവാക്കുന്നതിനും നിയന്ത്രിത മേഖലകളിലുള്ളവര്‍ക്കും ആപ്പ് ഏറെ പ്രയോജനപ്പെടും. ഇതിന്റെ ഭാഗമായി ആപ്പ് വികസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട്തരം ആപ്പുകളാണ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് സ്വയം ഉപയോഗിക്കാവുന്നതും, മീറ്റര്‍ റീഡിംഗ് ജീവനക്കാര്‍ക്ക് കടലാസ് രഹിത ജോലി സാധ്യമാക്കുന്നതും. ആപ്പ് നിലവില്‍ വരുന്നതോടെ മീറ്റര്‍ റീഡിംഗ് ജീവനക്കാര്‍ വീടുകളിലെത്തി നടത്തുന്ന റീഡിംഗ് ഒഴിവാക്കാന്‍ സാധിക്കും.

ആപ്പ് വഴി വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് എസ് എം എസ് ലിങ്ക് വഴി ലഭിക്കുന്ന പേജില്‍ കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കുന്നതോടെ മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോ എടുത്ത് എന്റര്‍ ചെയ്യാം. നല്‍കുന്ന ഡാറ്റ നേരിട്ട് മീറ്റര്‍ റീഡര്‍ ഡാറ്റാ ബേസിലേക്ക് പോകും. ഇതോടെ ബില്ല് ലഭിക്കും. തുടര്‍ന്ന് ലിങ്ക് വഴി ഓണ്‍ലൈനായോ ഓഫീസില്‍ നേരിട്ടെത്തിയോ ഉപഭോക്താവിന് ബില്‍ അടക്കാം. വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ഫോസിസ് ടീം ആണ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പ് തയ്യാറാക്കുന്നത്. ആപ്പ്് വഴി ഫോട്ടോയെടുത്ത് ഓരോ വീട്ടിലെയും വിവരങ്ങള്‍ എന്റര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്കുള്ള ബില്‍ എസ് എം എസ് ആയി ലഭിക്കും. പണം ജീവനക്കാരുടെ കൈയില്‍ നേരിട്ടടച്ച് രശീത് വാങ്ങാം.

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ് ജീവനക്കാര്‍ക്ക് റീഡിംഗ് എടുക്കാനുള്ള ആപ്പ് തയ്യാറാക്കുന്നത്. ആപ്പ് സംവിധാനം അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഉപഭോക്താക്കള്‍ അയക്കുന്ന റീഡിംഗില്‍ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകം സംവിധാനമുണ്ടാകും. ആപ്പില്‍ ഫോട്ടോ എടുക്കുന്ന പ്രകാരം റീഡിംഗ് ലഭിച്ചാലുടന്‍ ഏറ്റവും ഒടുവില്‍ ബില്‍ നല്‍കിയ ദിവസം മുതലുള്ള റീഡിംഗ് കണക്കാക്കി ബില്ലും അടക്കേണ്ട തുകയും ഉപഭോക്താക്കളുടെ മൊബൈലില്‍ എത്തുമെന്ന് വാട്ടർ അതോറിറ്റി ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ ജിതേന്ദ്രിയന്‍ പറഞ്ഞു.

Latest