Kerala
ജലസ്രോതസ്സുകൾ വറ്റുന്നു ; കുടിവെള്ള ക്ഷാമത്തിലേക്ക്
സംസ്ഥാനത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 19,700 കോടിയുടെ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്നത്
പാലക്കാട് | കെ എസ് ഇ ബി അണക്കെട്ടുകളോടൊപ്പം ജല അതോറിറ്റിയുടെ അണക്കെട്ടുകളുടെയും ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി പ്രതിസന്ധിക്കൊപ്പം സംസ്ഥാനത്ത് കുടിവെള്ളക്ഷാമവും നേരിടുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് വിവിധ ജില്ലകളില്‍ ഏപ്രിൽ മാസത്തോടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് സാധ്യതയെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയും ഈ വേനല്‍ക്കാലം പല ജില്ലകളിലും ജലക്ഷാമം ഉണ്ടാകുമെന്ന് സൂചന നല്‍കുന്നുണ്ട്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ താപനില ഉയരാന്‍ തുടങ്ങിയതോടെ നദികളുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലും അണക്കെട്ടുകളിലും ജലനിരപ്പ് മുന്‍കാലത്തെ അപേക്ഷിച്ച് പ്രതിദിനം താഴുകയാണ്. വേനലെത്തും മുന്പേ പല നദികളും വറ്റിവരണ്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് കേരള വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമത്തിന് സാക്ഷ്യം വഹിക്കുക കാസർകോട് ജില്ലയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കാസർകോട് 12 നദികള്‍ ഒഴുകുന്നുണ്ടെങ്കിലും അണക്കെട്ടുകളില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങളായി കാലവർഷം താളംതെറ്റിയിരിക്കുകയാണ്. മണ്‍സൂണിലും തുലാവര്‍ഷ കാലത്തും ഏതാനും ദിവസം മാത്രമാണ് മഴ പെയ്യുന്നത്. ഈ ദിവസങ്ങളില്‍ നല്ല മഴ ഉണ്ടാകുന്നുണ്ടെങ്കിലും ജലസ്രോതസ്സുകളും അണക്കെട്ടുകളും നിറയാനുള്ള സാഹചര്യമൊരുക്കാത്തതും വരള്‍ച്ചക്ക് സമാനമായ സാഹചര്യമൊരുക്കിയതായി കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലെ കണക്കനുസരിച്ച് 66.89 ശതമാനം ജനങ്ങളും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഓരോ വീടിനും ശരാശരി 97 ലിറ്റര്‍ വെള്ളം പ്രതി ദിനം വേണമെങ്കിലും നിലവിലെ സാഹചര്യത്തില്‍ നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജലസ്രോതസ്സുകളുള്‍പ്പെടെ സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കിയില്ലെങ്കില്‍ സംസ്ഥാനം വരുംകാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പരിസ്ഥിതി വകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 19,700 കോടിയുടെ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്നത്. വിതരണം പ്രതിദിനം 1,400 ലക്ഷം ലിറ്റർ വര്‍ധിപ്പിക്കാനാണ് പദ്ധതി. ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 18 മാസത്തോളം എടുക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് വെളിച്ചം മാത്രമല്ല കുടിവെള്ളവും ജനങ്ങള്‍ക്ക് കിട്ടാക്കനിയാകുമെന്നാണ് സൂചന.
സംസ്ഥാനത്തെ ജലസേചനത്തിന് ഉപയോഗിക്കുന്ന അണക്കെട്ടുകള്‍, പരമാവധി ജലനിരപ്പ്, ഇന്നലത്തെ ജലനിരപ്പ്. യഥാക്രമത്തില്‍:
കക്കി( ആനത്തോട്): 981. 46 മീ, 970.17 മീ, പമ്പ – 986.33 മീ, 970.30 മീ, മൂഴിയാര്‍- 192.63മീ, 186.80 മീ, ഇടുക്കി- 2403.00 അടി, 2355,88 അടി, മാട്ടുപ്പെട്ടി -1599.59 മീ, 1595.85 മീ,ആനയിറങ്ങല്‍- 1207.02 മീ, 1206.89 മീ, പൊന്മുടി- 707.75 മീ, 680,00 മീ, കുണ്ടള- 1758.69, 1758.20, കല്ലാര്‍കുട്ടി- 456.59 മീ, 454.00 മീ. ഇരട്ടയാര്‍- 754.38 മീ, 746.90 മീ, ലോവര്‍ പെരിയാര്‍- 253.00 മീ. 250.40 മീ. കല്ലാര്‍- 824.48 മീ, 819 .90 മീ, ഇടമലയാര്‍- 169.00 മീ, 151.43 മീ, ഷോളയാര്‍- 2663.00 അടി, 2639.00 അടി, പെരിങ്ങല്‍കുത്ത്- 423.98മീ, 415.35 മീ, കുറ്റ്യാടി- 758,04മീ, 755.66 മീ, ബാണാസുര സാഗര്‍-755.60 മീ, 765.30 മീ