Kozhikode
വയനാടിന്റെ പ്രിയ കലക്ടര്‍ ഇനി കോഴിക്കോടിനെ നയിക്കും
സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള അവാര്‍ഡ് കഴിഞ്ഞ മാസമാണ് എ ഗീതക്ക് ലഭിച്ചത്
കോഴിക്കോട് | തന്റെ കലാ മികവും സൗമ്യമായ പെരുമാറ്റവും വഴി വയനാട്ടുകാരുടെ പ്രിയയായി മാറിയ ജില്ലാ കലക്ടര്‍ എ ഗീത ഇനി കോഴിക്കോടിന്റെ കലക്ടറാകും. സാധാരണക്കാരും ആദിവാസി വിഭാഗക്കാരും ധാരാളമുള്ള വയനാട്ടിലെ ജനതക്ക് സുപരിചിതയായിരുന്നു എ ഗീത ഐ എ എസ്.
മൈക്കിന് മുന്നിലെത്തി വലിയ വാചക കസർത്ത് നടത്തുന്നവരൊന്നുമല്ലെങ്കിലും സൌമ്യയായി ഓരോരുത്തരോടും ഇടപഴകും. പൂതാടി ഗ്രാമപഞ്ചായത്തിലെ എരുമത്താരി ആദിവാസി കോളനിയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ കിണറിൽ നിന്ന് വെള്ളം കോരിയാണ് ഗീത കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നത്.
അതിലപ്പുറം നൃത്തച്ചുവടുകളായിരുന്നു കലക്ടറെ വ്യത്യസ്തയാക്കിയിരുന്നത്.
വയനാട്ടിലെ പ്രധാന ഉത്സവമായ വള്ളിയൂര്‍ക്കാവ് ഉത്സവ നാളില്‍ ദമയന്തിയുടെ വേശമണിഞ്ഞ് കഥകളി ചുവടുവെച്ചിരുന്നു കലക്ടര്‍. നേരത്തെ, ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങിനെത്തിയപ്പോഴും നൃത്തച്ചുവട് വെച്ച് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. സിനിമാ ഗാനമായ ‘ഘനശ്യാമ വൃന്ദാരണ’ത്തിനായിരുന്നു കലക്ടറുടെ ചുവട് വെപ്പ്. അന്തേവാസിയായ റജീനയുടെ വിവാഹത്തിന് വസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളുമായെത്തിയ കലക്ടര്‍ അവര്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവഴിക്കുകയും ഒടുവില്‍ കുട്ടികളുടെ ആവശ്യപ്രകാരം നൃത്തം ചെയ്യുകയുമായിരുന്നു.
സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള റവന്യൂ വകുപ്പിന്റെ അവാര്‍ഡ് കഴിഞ്ഞ മാസമാണ് എ ഗീതയെ തേടിയെത്തിയത്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് രാത്രി ഏഴിന് ബത്തേരിയില്‍ നിന്ന് പുറപ്പെടുന്ന വനിതകള്‍ക്ക് മാത്രമായുള്ള ജംഗിള്‍ സഫാരിയില്‍ കലക്ടര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടേക്കുള്ള സ്ഥലം മാറ്റം.
എറണാകുളം കലക്ടറായിരുന്ന രേണു രാജാണ് വയനാടിന്റെ പുതിയ കലക്ടര്‍. കോഴിക്കോട് കലക്ടര്‍ ആയിരുന്ന ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഡി ഐ എ എസ് അവധിയില്‍ പ്രവേശിക്കും.