Kerala
വയനാടിനും റായ്ബറേലിക്കും സന്തോഷമുള്ള തീരുമാനം വരും, ഞാന്‍ ദൈവമല്ല സാധാരണ മനുഷ്യനാണ്; രാഹുൽ ഗാന്ധി
ധാര്‍ഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടര്‍മാര്‍ തോല്‍പ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.
മലപ്പുറം | വയനാട് വേണോ റായ്ബറി വേണോയെന്നതില്‍ താന്‍ ധര്‍മസങ്കടത്തിലെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ രാഹുല്‍, വയനാടിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനായിട്ടില്ലെന്നും തീരുമാനം വയനാട്ടിലേയും റായ്ബറിയിലേയും വോട്ടര്‍മാര്‍ക്ക് സന്തോഷമുള്ളതായിരിക്കുമെന്നും പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വയനാട് മണ്ഡലത്തിലെ എടവണ്ണയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം.ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പില്‍ നടത്തിയത്. ഭരണഘടന ഞങ്ങളുടെ അഭിമാനമാണെന്നും അതില്‍ തൊട്ടു കളിക്കരുതെന്നെന്നും രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഓരോ സംസ്ഥാനത്തിനും അതിന്റേതായ ഭാഷകളും ചരിത്രങ്ങളുമുണ്ട്. ഈ രാജ്യത്തെ ഓരോ ചരിത്രത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ്. മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാന്‍ സാധാരണ ഒരു മനുഷ്യനാണ്.ജനങ്ങളാണ് എന്റെ ദൈവമെന്നും രാഹുല്‍ പറഞ്ഞു.
ബിജെപി അയോധ്യയില്‍ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്.
ധാര്‍ഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടര്‍മാര്‍ തോല്‍പ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.