Connect with us

Kerala

ദുരന്ത ഭൂമിയായി വയനാട്; മരണം 135 ആയി ഉയര്‍ന്നു; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ പുലര്‍ച്ചെ വീണ്ടും തുടരും

വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്, മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി.

Published

|

Last Updated

വയനാട്  | വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 135 ആയി ഉയര്‍ന്നു. അതേ സമയം ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുലര്‍ച്ചെ രക്ഷാദൗത്യം വീണ്ടും തുടരും. വെളിച്ചക്കുറവും കനത്ത മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത് ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഏറെ നാശമുണ്ടാക്കിയത്.

പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്.

അപകടമുണ്ടായി 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയിലേക്ക് എത്താനായത്. പലയിടത്തും പാറക്കല്ലുകളും ചെളി നിറഞ്ഞ മലവെള്ളപ്പാച്ചിലിന്റെ അവശേഷിപ്പുകളും മാത്രമാണുള്ളത്. ഉരുള്‍പൊട്ടലില്‍ 38 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലുണ്ട്.

പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടുകിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ദുരന്തത്തില്‍ മരിച്ച 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞുമൊയ്തീന്‍ (65), ഗീരീഷ് (50), റുക്‌സാന (39), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരന്‍, കൗസല്യ, വാസു, ആയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ, ജമീല, ഭാസ്‌കരന്‍, അഫ്‌സിയ സക്കീര്‍, പാറു, ഗീത, ഷാരണ്‍, പ്രജീഷ്, മോഹനന്‍, ജുബൈരിയ,  പ്രേമ, ശരണ്‍, മുഹമ്മദ്, നിയാസ്, കല്യാണ്‍ കുമാര്‍, ശരത്, സല്‍മത്ത്, സതീദേവി, ഗിരീഷ്, റുക്‌സാന ഷാന്‍ത് മുഹമ്മദ്, ഷിജു തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്.

ഉരുള്‍പൊട്ടലില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഒമ്പത് ലയങ്ങള്‍ ഒലിച്ചുപോയതായാണ് വിവരം. 65 കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. നാലു സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ഒലിച്ചുപോയി. മുണ്ടക്കൈയിലെ റിസോര്‍ട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളും അപകടത്തില്‍പ്പെട്ടു. പ്രദേശത്തെ സ്‌കൂള്‍, വീടുകള്‍ തുടങ്ങി കനത്ത നാശനഷ്ടമുണ്ടായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു. മേപ്പാടി വിംസില്‍ 77 പേരെ എത്തിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഏഴുപേര്‍ മരിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി ബന്ധപ്പെട്ടു. കേന്ദ്രമന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. വയനാട് ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ അനുശോചിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നിന്ന് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനും അവരുടെ മെഡിക്കല്‍ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

Latest