Kerala
വയനാട് കേന്ദ്രസഹായം: കെ വി തോമസ് പാര്‍ട്ടിക്കൊപ്പം തലച്ചോറും മാറിയോയെന്ന് വി മുരളീധരന്‍
ഒരു പ്രകൃതിക്ഷോഭത്തേയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ദേശീയ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ല.
മുംബൈ | വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സി പി എം പ്രചാരണം ആടിനെ പട്ടിയാക്കുന്ന നിലപാടാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു പ്രകൃതിക്ഷോഭത്തേയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ദേശീയ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ല.
യു പി എ ഭരണകാലത്ത് അന്നത്തെ കേന്ദ്രസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ച നിലപാടാണിത്. അന്ന് മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന കെ സി വേണുഗോപാലും കെ വി തോമസുമെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അക്കാര്യം മറച്ചുവയ്ക്കുകയാണ്. കെ വി തോമസ് പാര്‍ട്ടിയല്ലേ മാറിയിട്ടുള്ളൂ, തലച്ചോറ് മാറിയിട്ടില്ലല്ലോ എന്നും മുരളീധരന്‍ ചോദിച്ചു.
വയനാട് പ്രത്യേക പാക്കേജ് അര്‍ഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൊടുത്തിട്ടില്ല. ബിഹാര്‍ പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ അവയ്ക്കാണ് ഫണ്ട് അനുവദിച്ചത്.
ഗുജറാത്തിന് നല്‍കിയത് ദുരന്ത നിവാരണ നിധിയിലെ വിഹിതമാണ്. ഇത് കേരളത്തിനും നല്‍കി. കഞ്ചിക്കോടും മുതലപ്പൊഴിയിലുമെല്ലാം കേന്ദ്രസഹായം മാനദണ്ഡം പാലിച്ച് എത്തുന്നത് നമ്മള്‍ കണ്ടതാണ്. പിണറായി വിജയന്‍ സ്വന്തം ഉദ്യോഗസ്ഥന്മാരെ കൊണ്ട് കൃത്യമായ കണക്കെടുത്ത് വ്യക്തമായ പദ്ധതികള്‍ സമര്‍പ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കാനാണ് പലരും ശ്രമിക്കുന്നത്. ബി ജെ പിയെ ആ കൂട്ടത്തില്‍ പെടുത്തരുത്. കേരളം കേന്ദ്രത്തിന്റെ ഭാഗം തന്നെയാണെണ്. മാധ്യമങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കി വാര്‍ത്ത നല്‍കണമെന്നും വി മുരളീധരന്‍ മുംബൈയില്‍ പറഞ്ഞു.