Connect with us

From the print

വയനാട് ദുരന്തം: പുനരധിവാസത്തിന് മാതൃകാ ടൗണ്‍ഷിപ്പ്

സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | വയനാട് ദുരന്ത ബാധിതര്‍ക്ക് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് മാതൃകാ ടൗണ്‍ഷിപ്പ് ഒരുക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമം 2005 പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാകും പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാത്ത സ്ഥലത്ത് കഴിയുന്നവരെ രണ്ടാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കും.

ഗുണഭോക്താക്കളുടെ കരട് പട്ടിക ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിക്കും. ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ രണ്ട് പേരെയും നഷ്ടപ്പെട്ട ആറ് കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും.

വനിതാ ശിശുവികസന വകുപ്പാണ് തുക നല്‍കുക. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കും. കേന്ദ്രത്തില്‍ നിന്ന് അനുയോജ്യമായ സഹായം ലഭ്യമാക്കുന്നതിന് വീണ്ടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു.