wayanad landslide
വയനാട് ദുരന്തം: സഹായത്തിനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് കാന്തപുരം
ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണമെന്നും കാന്തപുരം
കോഴിക്കോട് | ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ അഭ്യർഥിച്ചു.
ദുരന്തത്തിന്റെ ദൃശ്യങ്ങളും വാർത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്. പ്രദേശത്തുനിന്നും ജലം ഒഴുകിയെത്തിയ ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുക്കപ്പെടുന്നുവെന്നത് ദുരിതത്തിന്റെ വ്യാപ്തിയും തീവ്രതയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണമെന്നും കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ കർമരംഗത്തുണ്ട്. മഴക്കെടുതികളിൽ നിന്നും പ്രകൃതിദുരിതങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.