Connect with us

Kerala

വയനാട് ദുരന്തം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നു; പ്രതീക്ഷയിൽ കേരളം

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി പരിഗണിക്കുമോ? ഉറ്റുനോക്കി കേരളം

Published

|

Last Updated

കൽപറ്റ | വയനാട് ദുരന്ത ഭൂമി സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് കലക്ടറേറ്റിൽ അവലോകന യോഗത്തിൽ പങ്കെടുക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, കലക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിന് ആശ്വാസകരമായ പാക്കേജ് യോഗത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ അടിയന്തര സഹായം നൽകണമന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി എന്ത് തീരുമാനം എടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാം.

ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തിയത്. ഡൽഹിയിൽ നിന്ന് എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂരിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷം അദ്ദേഷം ചൂരൽമലയിലെ ദുരന്തഭൂമി നടന്നു കണ്ടു. സൈന്യം നിർമിച്ച ബെയ്ലി പാലം കടന്നും പ്രധാനമന്ത്രി നടന്നു. തുടർന്ന് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവരെയും പരുക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. തുടർന്നാണ് അവലോകന യോഗത്തിനായി എത്തിയത്.

Latest