Connect with us

Kerala

വയനാട് ദുരന്തം: കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്ന് കൂടുതല്‍ ശക്തമാക്കും

ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന.

Published

|

Last Updated

കല്‍പറ്റ | വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്ന് കൂടുതല്‍ ശക്തമായി നടത്തും. തീരദേശ സേന, വനം വകുപ്പ്, നാവിക സംഘം, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് തിരച്ചില്‍ നടത്തുക. ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധനയുണ്ടാകുമെന്ന് മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും നാളെ മുതല്‍ 40 സംഘങ്ങള്‍ ആറ് സോണുകളിലായി പ്രവര്‍ത്തനങ്ങള്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. യഥാക്രമം മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജി വി എച്ച് എസ് എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നിവയാണ് രണ്ടു മുതല്‍ ആറ് വരെ സോണുകളില്‍ വരുന്നത്. ഓരോ സംഘത്തിലും സൈന്യം, എന്‍ ഡി ആര്‍ എഫ്, ഡി എസ് ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എം ഇ ജി എന്നിവര്‍ക്കു പുറമെ മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.

ഇതു കൂടാതെയാണ് ഇന്ന് മുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചില്‍ ആരഭിക്കുക. ചാലിയാറിന്റെ 40 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷനുകളുടെ പുഴ ഭാഗങ്ങളില്‍ പോലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും സംയുക്തമായി തിരിച്ചിലിനിറങ്ങും. പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലും നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തിരച്ചിലുണ്ടാകും.

25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് കാമ്പസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ്സ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ നാളെ എത്തും. ജെ സി ബി, ഹിറ്റാച്ചി, കട്ടിങ് മെഷീന്‍ എന്നിവ കൂടുതലായി ലഭ്യമാക്കും.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ കെ കേളു എന്നിവരും ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest