Connect with us

Kerala

വയനാട് ദുരന്തം: പുനരധിവാസത്തിന് വാടക വീടുകള്‍ തേടുന്നു

പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകള്‍ വാടകയ്ക്ക് നല്‍കേണ്ടതെന്ന് ജില്ലാ കലക്ടര്‍.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ജില്ലാ ഭരണകൂടം വാടക വീടുകള്‍ തേടുന്നു. വീടില്ലാതായവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവര്‍ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകള്‍ വാടകയ്ക്ക് നല്‍കേണ്ടതെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. മുട്ടില്‍, മേപ്പാടി, വൈത്തിരി, അമ്പലവയല്‍, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കല്‍പ്പറ്റ നഗരസഭാ പരിധിയിലുമാണ് വീടുകള്‍ അന്വേഷിക്കുന്നത്.

വീടുകള്‍ക്ക് പ്രതിമാസം 6000 രൂപ വീതം സര്‍ക്കാര്‍ വാടക അനുവദിക്കും. വീടുകള്‍, വീടുകളുടെ മുകള്‍ നിലകള്‍, ഒറ്റമുറികള്‍, ഹൗസിങ് കോളനികള്‍, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ താത്ക്കാലിക താമസത്തിനായി തേടുന്നത്.

ദുരന്ത ബാധിതരെ വീടുകളില്‍ അതിഥികളായും താമസിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ 9526804151, 8078409770 നമ്പറുകളില്‍ ലഭിക്കും.

 

Latest