Connect with us

Kerala

ടൗണ്‍ഷിപിനായി വയനാട് എല്‍സ്റ്റണ്‍ ഏസ്റ്റേറ്റ് ഏറ്റെടുക്കാം; 17 കോടി രൂപകൂടി കെട്ടിവെക്കണമെന്നും ഹൈക്കോടതി

സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകള്‍ നല്‍കിയ ഹരജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

കൊച്ചി |  വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി. ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നല്‍കിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവെക്കണമെന്നും ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകള്‍ നല്‍കിയ ഹരജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജികള്‍ ജൂലൈയില്‍ പരിഗണിക്കും.എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി 26.5 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ ന്യായ വില കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ന്യായവില കണക്കാക്കുന്നതില്‍ ചെറിയ മാറ്റമുണ്ടെന്നും ഇതു പ്രകാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് 16 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 42 കോടി രൂപ നല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും 17 കോടി രൂപ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍േദശം നല്‍കിയതും.

 

Latest