From the print
വയനാട് ഉരുൾപൊട്ടൽ; അപായ സൂചന നൽകിയില്ലെന്ന് അമിക്കസ് ക്യൂറിക്ക് റിപോർട്ട്
ഉരുൾപൊട്ടൽ ഉണ്ടാകുന്നത് വരെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള അപായ സൂചനയോ നടപടിയോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അഡ്വൈസറി കമ്മിറ്റിയോ നടത്തിയിട്ടില്ലെന്ന് റിപോർട്ടിൽ പറയുന്നു.
കൊച്ചി | വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്ക് റിപോർട്ട് നൽകി. ജൂലൈ 30ന് പുലർച്ചെ 1:40നാണ് വയനാട്ടിൽ ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. എന്നാൽ, ഉരുൾപൊട്ടൽ ഉണ്ടാകുന്നത് വരെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള അപായ സൂചനയോ നടപടിയോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അഡ്വൈസറി കമ്മിറ്റിയോ നടത്തിയിട്ടില്ലെന്ന് റിപോർട്ടിൽ പറയുന്നു.
മുണ്ടക്കൈ സ്വദേശി സഹീർ, വയനാട്ടിലെ സാമൂഹിക പ്രവർത്തകൻ ഹംസ, കാലാവസ്ഥാ വിദഗ്ധൻ ബിബിൻ കെ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടി അഭിഭാഷകൻ മുഹമ്മദ് ഷായാണ് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന് റിപോർട്ട് നൽകിയത്. വയനാട് പോലെയുള്ള ജില്ലയിൽ മൺസൂൺ കാലത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ കലക്ടറെ മാറ്റുന്നത് ഉചിതമായ നടപടിയല്ല. ജില്ലയിലെ ദുരന്തനിവാരണ പദ്ധതി രേഖയിലെ ന്യൂനതകൾ ചുണ്ടിക്കാട്ടുന്ന റിപോർട്ടിൽ, നിലവിലുള്ള പദ്ധതി രേഖ 2018ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ 2019ൽ രൂപവത്കരിച്ചതാണെന്നും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു.
വൈത്തിരി താലൂക്കിലെ 13 വില്ലേജുകളും മാനന്തവാടി താലൂക്കിലെ പത്ത് വില്ലേജുകളും സുൽത്താൻബത്തേരി താലൂക്കിലെ ആറ് വില്ലേജുകളും അതി തീവ്ര ഉരുൾപൊട്ടൽ മേഖലയായി 2019ലെ വയനാടിന്റെ ദുരന്ത നിവാരണ പദ്ധതി രേഖയിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും ഇത്രയും വലിയ ആളപായമുണ്ടാകുന്ന തരത്തിലുള്ള ഒരു സാഹചര്യം തടയാനുള്ള നടപടി സ്വീകരിക്കാൻ കഴിയാതെ വന്നതിനെ കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും റിപോർട്ടിൽ പറയുന്നു. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളായ പുഞ്ചിരിമുട്ടം, മുണ്ടക്കൈ, പുട്ടുമല, വെള്ളരിമല എന്നിവിടങ്ങളിൽ ജൂലൈ 18 മുതൽ അതിതീവ്ര മഴ ഉണ്ടായിരുന്നു.
ജൂലൈ 27നും 29നുമിടയിൽ പലവട്ടം പഞ്ചായത്ത് മെമ്പർമാർ ഈ സ്ഥലം സന്ദർശിച്ച് ജനങ്ങളോട് അപായസൂചന നൽകിയിരുന്നു. എന്നാൽ, രണ്ടിന് മാത്രമാണ് വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 29ന് വൈകിട്ട് ഏഴിന് ശേഷം ചൂരൽമലയിലെ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് വാട്സ്ആപ്പ് വഴി സന്ദേശം നൽകി. പക്ഷേ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അഡ്വൈസറി കമ്മിറ്റിയോ ഒരു അപായ സൂചനയും ഇവിടെ നൽകിയില്ല.
സംസ്ഥാനത്തെ തീവ്ര ദുരന്തസാധ്യതാ മേഖലകളിൽ പോലും മൈക്രോലെവലിൽ മഴ സാധ്യതയോ ദുരന്തസാധ്യതയോ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ മാർഗം ഇല്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തെറ്റായ അവലോകനം ചൂണ്ടിക്കാട്ടി റിപോർട്ടിൽ പറയുന്നു. വയനാട് ജില്ലയിലെ 17 വില്ലേജുകളിൽ ജനവാസമുള്ളതും ഇല്ലാത്തതുമായ ദുരന്തസാധ്യതാ മേഖലകൾ ഉണ്ട്.
അതിന്റെ താഴ്‌വരയിൽ ജനങ്ങൾ ഭീതിയോടെയാണ് ജീവിക്കുന്നത്. വയനാട് പോലെ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ തുടർച്ചയായതും കുറ്റമറ്റതുമായ നിരീക്ഷണം നടത്തണമെന്നും റിപോർട്ട് നിർദേശിക്കുന്നു.