Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; ബെയ്‌ലി പാലം സജ്ജം, വാഹനങ്ങള്‍ കടത്തിവിട്ടു

സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് കഴിഞ്ഞ മൂന്നുദിവസവും ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.

Published

|

Last Updated

വയനാട് | ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മാണം ആരംഭിച്ച ബെയ്‌ലി പാലം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയായി.സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. പാലനിര്‍മ്മാണം പൂര്‍ത്തിയായതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് കഴിഞ്ഞ മൂന്നുദിവസവും ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം.ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.

24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്.കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടണ്‍, ക്ലാസ് 70 ടണ്‍ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിര്‍മ്മിക്കുന്നത്.

 

Latest