Connect with us

National

വയനാട് ഉരുൾപൊട്ടൽ: അമിത് ഷായുടെ പ്രസ്താവനക്ക് എതിരെ കോൺഗ്രസ് അവകാശ ലംഘന നോട്ടീസ് നൽകി

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നതിന് മുമ്പ് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്.

Published

|

Last Updated

ന്യൂഡൽഹി | വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എംപി ജയറാം രമേശാണ് അമിത്ഷാക്ക് എതിരെ പ്രിവിലേജ് നോട്ടീസ് നൽകിയത്.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടാകുന്നതിന് മുമ്പ് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്. ജൂലൈ 31 ബുധനാഴ്ച രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലാണ്, ജൂലൈ 23 ന് കേരള സർക്കാറിന് മുന്നറിയിപ്പ് നൽകിയെന്നും എന്നാൽ സർക്കാർ മുന്നറിയിപ്പുകൾ പാലിച്ചില്ലെന്നും അമിത് ഷാ അവകാശപ്പെട്ടത്.

എന്നാൽ അമിത്ഷായുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി വ്യക്തമാക്കിയ ജയറാം രമേശ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും നോട്ടീസിൽ വ്യക്തമാക്കി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് അവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ 300-ലധികം ആളുകളാണ് മരിച്ചത്. തകർന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

---- facebook comment plugin here -----

Latest