Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍: മരണം 50 കടന്നു, നിരവധി പേരെ കാണാതായി

മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Published

|

Last Updated

മേപ്പാടി|വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം 50 കടന്നു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായതായാണ് വിവരം. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പാലം തകര്‍ന്നതോടെ മുണ്ടക്കൈയും ചൂരല്‍മലയും ഒറ്റപ്പെട്ടു.

ചൂരല്‍മലയില്‍ നിന്ന് 11 മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 33 പേര്‍ ചികിത്സ തേടി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ ഒലിച്ചുപോയി. 10 തോട്ടം തൊഴിലാളികളെ കാണാതായതായി ഹാരിസണ്‍സ് അറിയിച്ചു.

മുണ്ടക്കൈയില്‍ മാത്രം 300 ഓളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങിയവരില്‍ വിദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന വെള്ളാര്‍മല സ്‌കൂള്‍ മുങ്ങി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന ഹെലികോപ്റ്റര്‍ വയനാട്ടിലെത്തും.

കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാട് ഇരട്ടക്കുളത്തിന് സമീപം പയ്യക്കുണ്ടില്‍ ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Latest