Kerala
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ടൗണ്‍ഷിപ്പ് നിര്‍മാണ ചുമതല ഊരാളുങ്കലിന് നല്‍കിയേക്കും
കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിനായിരിക്കും മേല്‍ നോട്ട ചുമതല
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയേക്കും. മേല്‍ നോട്ട ചുമതല കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സിയായ കിഫ്‌കോണിനും നല്‍കിയേക്കും. ഇതടക്കം പുനരധിവാസം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാവുമെന്നാണ് വിവരം.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ടിടത്തായി രണ്ട് ടൗണ്‍ഷിപ്പാണ് നിര്‍മ്മിക്കുക. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകള്‍ നിര്‍മ്മിക്കും. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും നിര്‍മ്മാണം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയും വിധമാണ് പദ്ധതി പ്രവര്‍ത്തനം നടത്തുക.
കഴിഞ്ഞ ദിവസം നടന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും അടുത്ത മന്ത്രിസഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കണ്ടെത്തിയ നെടുമ്പാല എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തില്‍ 27ന് ഹൈക്കോടതി വിധി പറയും. അത് കൂടി അറിഞ്ഞ ശേഷം അതിവേഗം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നാണ് റവന്യു വകുപ്പ് പറയുന്നത്.
വീട് വക്കാന്‍ സഹായം വാദ്ഗാനം ചെയ്ത സംഘടനകളും വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കും വിധം ഉറപ്പുള്ള വീടുകള്‍ സമയബന്ധിതമായി പണിത് നല്‍കുന്നവര്‍ക്ക് സ്ഥലം കിട്ടുന്ന മുറയ്ക്ക് കൈമാറാനും അല്ലാത്തവരില്‍ നിന്ന് പണം വാങ്ങി വീട് സര്‍ക്കാര്‍ തന്ന പണിയാനുമാണ് ആലോചിക്കുന്നത്.