Connect with us

Ongoing News

വയനാട് ഉരുള്‍പൊട്ടല്‍; ഐ സി എഫ് രണ്ട് കോടിയുടെ സഹായം നല്‍കും

കേരള സര്‍ക്കാരുമായി ചേര്‍ന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്‌ നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ സി എഫ് ഏറ്റെടുക്കുക.

Published

|

Last Updated

ദുബൈ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രണ്ട് കോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവാനും ആയിരങ്ങള്‍ക്ക് കിടപ്പാടമുള്‍പ്പെടെ നഷ്ടപ്പെടാനും ഇടയാക്കിയ ദുരന്തത്തില്‍ സഹജീവികളെ ചേര്‍ത്തുപിടിക്കുന്നതിന്റെ ഭാഗമാണ് പദ്ധതികള്‍.

കേരള സര്‍ക്കാരുമായി ചേര്‍ന്ന് മാതൃ സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്‌ നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ സി എഫ് ഏറ്റെടുക്കുക. ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച് ഏത് തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതെന്ന് പരിശോധിക്കും. വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഇതിനായി പ്രത്യേക മിഷന് രൂപം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യും. ഐ സി എഫിന്റെ വിവിധ ഘടകങ്ങള്‍ സമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

മുന്‍കാലങ്ങളില്‍ പ്രവാസലോകത്തും കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഐ സി എഫിന് കീഴില്‍ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും അവശ്യ സേവനങ്ങള്‍ ഒരുക്കുന്നതിലെയും മാതൃകകള്‍ പിന്തുടര്‍ന്നാണ് നിലവിലെ സാഹചര്യത്തിലും പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുക. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ധാരാളം പേര്‍ക്ക് ഐ സി എഫ് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരവും ഫീല്‍ഡ് പഠനത്തിന്റെ അടിസ്ഥാനത്തിലും ഓക്‌സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ഐ സി എഫ് ഏറ്റെടുക്കുകയും സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

പ്രവാസികളുടെ അകമഴിഞ്ഞ സഹായത്തിലാണ് ഇവയെല്ലാം സാധ്യമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ പൊതുസമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടാന്‍ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും ഐ സി എഫ് വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കഷ്ടപ്പെടുന്ന എല്ലാവരെയും ചേര്‍ത്തുപിടിക്കാനും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സാധിക്കണം.

ചൂരല്‍മല, മുണ്ടക്കൈ മണ്ണിടിച്ചില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്, പൂര്‍ണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

കടുത്ത പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ഇന്ത്യന്‍ ആര്‍മി, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest