Connect with us

wynad disaster

വയനാട് ഉരുള്‍പൊട്ടല്‍; ചാലിയാറിന്റെ കൈവഴിയില്‍ ഒരു മൃതദേഹം കൂടി

പുഴയുടെ തീരത്ത് രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

Published

|

Last Updated

മലപ്പുറം | വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്ന് കണ്ടെത്തി. ചാലിയാര്‍ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സംഘമടക്കമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പോത്തുകല്‍ ഭാഗത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതോടെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 292 ആയി ഉയര്‍ന്നു. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തെരച്ചില്‍ നടക്കും.

 

Latest