Kerala
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തമേഖലയില്‍ മോഷ്ടാക്കളുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്
ഇതര സംസ്ഥാനക്കാരായ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമിയില്‍ എത്തുന്നുണ്ട്, പ്രദേശത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മേപ്പാടി പോലീസ് അറിയിച്ചു .
മേപ്പാടി | വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. ഇതിനിടയില്‍ ദുരന്തഭൂമിയില്‍ മോഷ്ടാക്കളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്.
ഇതര സംസ്ഥാനക്കാരായ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷണത്തിനെത്തുന്നുണ്ട്. ഇതേതുടര്‍ന്ന് പ്രദേശത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മേപ്പാടി പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഇടങ്ങളിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി.
പ്രദേശത്ത് സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കാണാതായവര്‍ക്കായി നടത്തുന്ന തിരച്ചിലിനിടെ ലഭിക്കുന്ന സ്വര്‍ണവും പണവും മറ്റ് സാധനങ്ങളും ഇവര്‍ കൃത്യമായി അധികൃതര്‍ക്ക് കൈമാറുന്നുണ്ട്.