Kerala
വയനാട് ഉരുൾപൊട്ടൽ; സേഫ് ഏരിയ അണ്‍സേഫ് ഏരിയ ഏതൊക്കെയെന്ന് കണ്ടെത്തും: വിദഗ്ധ സംഘം
10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കല്‍പറ്റ | വയനാട്ടില്‍ ദുരന്തബാധിത മേഖലയില്‍ വിദഗ്ധ സംഘം എത്തി. ദേശീയ ഭൗമ ശാസ്ത്രഞ്ജന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. വയനാട്ടില്‍ ‘സേഫ് ഏരിയ അണ്‍സേഫ് ഏരിയ’ ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു.ഉരുള്‍പൊട്ടലിന് കാരണമെന്തെന്നും പ്രഭവകേന്ദ്രം ഏതെന്നും പരിശോധിക്കും.പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാര്‍ശ ചെയ്യും.
ഉരുള്‍പൊട്ടിയ ഭാഗത്തേക്കാണ് ആദ്യം പോകുന്നതെന്നും രണ്ടോ മൂന്നോ ദിവസം അവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പും സംഘം സന്ദര്‍ശിക്കുമെന്നും ജോണ്‍ മത്തായി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ സാധ്യതകളുള്ള സ്ഥലങ്ങള്‍ വയനാട്ടില്‍ അനേകമുണ്ട്.300മില്ലിമീറ്റര്‍ മഴയില്‍ കൂടുതല്‍ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അത്തരം പ്രദേശങ്ങള്‍ തരംതിരിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നാവശ്യവുമായി ദുരിത ബാധിതര്‍ രംഗത്തെത്തി.ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 300 രൂപ വീതം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. അടിയന്തര സഹായം നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് രേഖകള്‍ ശരിയാക്കാന്‍ സമയമെടുക്കുന്നതിനാലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.