Kerala
വയനാട് ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലണ് ഇന്ന് തിരച്ചിലിന് പ്രാമുഖ്യം നല്‍കുന്നത്.
വയനാട് | ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരഴ്ച പിന്നിടുമ്പോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. ഇന്ന് ഒരു പുരുഷന്റെ മൃതദേഹം പൂക്കോട്ടുമണ്ണ കടവില്‍ നിന്നും ഒരു ശരീര ഭാഗം മുണ്ടേരിയില്‍ നിന്നും കണ്ടെത്തി.
ഇതുവരെ 74 മൃതദേഹങ്ങളും 133 ശരീര ഭാഗങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖലയിലണ് ഇന്ന് തിരച്ചിലിന് പ്രാമുഖ്യം നല്‍കുന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്.
പോത്തുകല്ല് പഞ്ചായത്ത് പരിതിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തും. മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കായിരിക്കും തിരച്ചില്‍ നടത്തുക. വനത്തിലൂടെ ഒഴുകുന്ന പുഴ കേന്ദ്രികരിച്ച് പരപ്പന്‍ പാറ വരെ തിരച്ചില്‍ നടത്തി വെെകുന്നേരം അഞ്ചിന് മുണ്ടേരിയില്‍ തിരിച്ചെത്താവുന്ന വിധത്തിലായിരിക്കും ദൗത്യം. സംഘം മൂന്ന് ശരീര ഭാഗങ്ങള്‍ ഉച്ചക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്. അതേ സമയം ഉരുള്‍പൊട്ടലില്‍ 219 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത് . 96 പുരുഷന്‍ മാരും -87 സ്ത്രീകളും 36 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 171 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 135 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വയനാട്ടിലെത്തിച്ചതില്‍ 36 മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്.ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 541 ആയി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിലവില്‍ – 96 ചികിത്സയിലുണ്ട്. 223 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.