Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും

വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് രേഖയാണ് യോഗം ചര്‍ച്ച ചെയ്തത്.

ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വിമര്‍ശനം ശക്തമാണ്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി.

നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കലക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ അടിമുടി പിഴവാണെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്.

---- facebook comment plugin here -----

Latest