National
വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
യന്ത്രസാമഗ്രികളും മാനവശേഷിയും ഉള്‍പ്പെടെ നല്‍കി ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ചെന്നൈ | വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും അനുശോചനം അറിയിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അയല്‍ സംസ്ഥാനമായ കേരളത്തിന് പ്രതിസന്ധി ഘട്ടത്തില്‍ യന്ത്രസാമഗ്രികളും മാനവശേഷിയും ഉള്‍പ്പെടെ നല്‍കി ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
വയനാട്ടിലുണ്ടായ ഉരുള്‍ ദുരന്തത്തില്‍ നിരവധി ആളുകള്‍ മരിക്കാനിടയായത് വേദനാജനകമാണ്. നിരവധി ആളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്നും സ്റ്റാലിന്‍ പറഞ്ഞു.ത്വരിതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം വേണമെന്നും
കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും വയനാട്ടിലെ എംപി കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു.