From the print
വയനാട് ഉരുൾപൊട്ടൽ; താത്കാലിക പുനരധിവാസം അവസാന ഘട്ടത്തിൽ
ഫർണിച്ചർ അടക്കമുള്ള അത്യാവശ്യ വീട്ടുപകരണങ്ങളെല്ലാം നൽകിയാണ് പുനരധിവാസം നടപ്പാക്കുന്നത്
കൽപ്പറ്റ| ഉരുൾ തകർത്ത മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളെ താത്്കാലിക വാടക വീടുകളിലേക്ക് മാറ്റുന്നതിനുള്ള ആദ്യഘട്ട പുനരധിവാസ നടപടികൾ അവസാന ഘട്ടത്തിലേക്ക്. ദുരന്തമുണ്ടായപ്പോൾ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അഞ്ച് ക്യാമ്പുകളിലായി 14 കുടുംബങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയുള്ളവരെയെല്ലാം താത്കാലിക വാടക വീടുകളിലേക്ക് മാറ്റി.
പുനരധിവാസത്തിനുള്ള താത്കാലിക വീടുകൾ, സർക്കാർ കെട്ടിടങ്ങൾ, ക്വാർട്ടേഴ്‌സുകൾ എന്നിവയുടെ ലിസ്റ്റ് ക്യാമ്പിൽ പ്രദർശിപ്പിച്ചിരുന്നു. ഇവ ക്യാമ്പിലുള്ളവർ നേരിട്ട് പോയി പരിശോധിച്ച് താമസിക്കാൻ സന്നദ്ധത അറിയിക്കുന്നവരെയാണ് താത്്കാലികമായി ഇവിടങ്ങളിലേക്ക് മാറ്റിയത്. ഫർണിച്ചർ അടക്കമുള്ള അത്യാവശ്യ വീട്ടുപകരണങ്ങളെല്ലാം നൽകിയാണ് പുനരധിവാസം നടപ്പാക്കുന്നത്. എന്നാൽ താത്കാലിക വാസത്തിനായി ലഭിച്ച, സർക്കാറിന് കീഴിലുള്ള കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന തരത്തിലുള്ള ഒറ്റപ്പെട്ട വിമർശങ്ങളും ഉയർന്നിട്ടുണ്ട്. കൂടാതെ ജനപ്രതിനിധികളെ അവഗണിച്ച് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ പുനരധിവാസം നടക്കുന്നതിനെതിരെയും വിമർശമുണ്ട്. പ്രാദേശികമായി അറിവുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്താൻ സാധിച്ചാൽ ലഭ്യമായ വാടക വീടുകൾ നൽകുന്ന കാര്യത്തിൽ കുറച്ചുകൂടി സുതാര്യത ഉറപ്പുവരുത്താനാകും.
എന്നാൽ പുനരധിവസിപ്പിക്കപ്പെടുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടോയെന്ന് നേരിട്ടും ഫോൺ മുഖേനയും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും പരാതിയുള്ളവർക്ക് 04936 -203450 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ക്യാമ്പുകളായി പ്രവർത്തിക്കുന്ന ഹൈസ്കൂളുകളിൽ ഉടൻ തന്നെ പഠനം തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് 81 പേർക്ക് 3.24 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 81 പേർക്ക് 1.54 കോടി രൂപയും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.