Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍; മൃതദേഹങ്ങള്‍ ചാലിയാറിന്റെ വിവിധ കടവുകളില്‍ നിന്ന് ലഭിച്ചു

ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ് ലഭിച്ചത്.

Published

|

Last Updated

വയനാട്| വയനാട് മേപ്പാടി ചൂരല്‍മലയിലെ ഉരുള്‍പ്പെട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ചാലിയാറിന്റെ വിവിധ കടവുകളില്‍ നിന്ന് ലഭിച്ചു. ചിലരുടെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലാണ് ലഭിച്ചത്. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലായി മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രംഗത്തെത്തി.

നിരവധിപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സുളൂരില്‍ നിന്നും എത്തും.

ഏഴ് മൃതദേഹവും രണ്ട് പേരുടെ കാലുകളുമാണ് രാവിലെ 10 മണി വരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് വയസ്സുള്ള കുട്ടിയെ മാത്രമാണ് തിരിച്ചറിത്തത്.നാല് മൃതദേഹത്തളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഫ്രീസറിലേക്ക് മാറ്റി. ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. നാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആണ്‍ കുട്ടിയുടെ തലയുടെ പകുതിഭാഗം മാത്രമേ ലഭിച്ചിട്ടുള്ളൂ.

കുനിപ്പാല ഭാഗത്തുനിന്ന് ലഭിച്ച അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ആളുടെ മൃതദേഹത്തിന് അരയ്ക്കു മുകളിലുള്ള ഭാഗം മാത്രമേയുള്ളൂ. തലയുടെ ഒരു ഭാഗം പൊളിഞ്ഞു പോയിട്ടുണ്ട്. മച്ചിക്കൈ ഭാഗത്തുനിന്നും ലഭിച്ച 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹത്തിന് അരയ്ക്ക് മുകളില്‍ മാത്രമാണുള്ളത്.35 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു പുരുഷന്റ മൃതദേഹത്തിനും അരക്ക് മുകളില്‍ മാത്രമാണുള്ളത്. പനങ്കയം എസ്റ്റേറ്റില്‍ നിന്ന് ലഭിച്ച ഏകദേശം ഏഴ് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുട്ടിയുടെ ശരീരത്തിനു തലഭാഗം ഇല്ല. മുണ്ടേരി ഭാഗത്തുനിന്നും ലഭിച്ച 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുരുഷന്റെ മൃതദേഹം കാല് നഷ്ടപ്പെട്ട രീതിയിലാണ് ലഭിച്ചത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഒരു കാലും ഒരു കൈയും നഷ്ടപ്പെട്ട നിലയിലാണ് ലഭിച്ചത്

നിലമ്പൂര്‍ തഹസില്‍ദാര്‍, ഡി വൈ എസ് പി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമാ ജയ കൃഷ്ണന്‍ തുടങ്ങിയവരും ആശുപത്രിയിലെത്തി.

 

 

Latest