Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍: പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

അപകടം ഉണ്ടായ ശേഷം രാവിലെയോടെയാണ് ഈ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഇന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്പരം പഴിചാരാനുള്ള ഘട്ടമായി ഇതിനെ കാണുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കണക്കുകള്‍ നിരത്തിയാണ് അമിത്ഷായ്ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയത്.

അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് നല്‍കിയിരുതെന്ന് വ്യക്തമാക്കി. 115 നും 204 മി മീറ്ററിനും ഇടയില്‍ മഴപെയ്യുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ 48 മണിക്കൂറിനിടയില്‍ പെയ്തത് 572 മി.മീറ്റര്‍ മഴയാണ്.മുന്നറിയിപ്പ് നല്‍കിയതില്‍ എത്രയോ അധികം മഴ പെയ്തു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരു തവണ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെയോടെയാണ് ഈ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയത്.

കേന്ദ്ര ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ലാന്റ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി വയനാട് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 23 മുതല്‍ 28വരെ ഒരു ദിവസം പോലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടില്ല. ജൂലൈ 30ന് അപകടം നടന്ന ശേഷം മാത്രമാണ് അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പില്‍ പോലും ചെറിയ മണ്ണിടിച്ചില്‍ സാധ്യതയെന്ന് അര്‍ഥമുള്ള പച്ച അലര്‍ട്ടാണ് നല്‍കിയത്.എന്നാല്‍ അപ്രതീക്ഷിതമായി പെട്ടന്ന് അതിതീവ്രമഴ ഉണ്ടായതിനെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയായിരുന്നു. ഇതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ മുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയറിലോ ജൂലൈ 23 മുതല്‍ 28വരെ പ്രളയമുന്നറിയിപ്പ് പുറപ്പെടുച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍ ഡി ആര്‍ എഫ് സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്. വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest