Connect with us

Kerala

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരം, നിന്ദ്യം: കെ സി വേണുഗോപാല്‍ എം പി

ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണ്. ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എന്നാല്‍, ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബി ജെ പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

എസ് ഡി ആര്‍ എഫ് വിഹിതത്തെ വയനാട് പാക്കേജില്‍ തട്ടിക്കിഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം നിന്ദ്യവും ക്രൂരവുമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിനെതിരെ കേരളത്തിന്റെ പൊതുവികാരം പ്രതിഷേധമായി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും വേണം.

കോണ്‍ഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സ് അതിശക്തമായ പ്രക്ഷോഭം രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കും.

വയനാട് ദുരന്തമുഖത്ത് വന്ന് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും വയനാട് ജനതയുടെ യഥാര്‍ഥ ദുരിതം തിരിച്ചറിയാനുള്ള മനസ്സുണ്ടായില്ല. കേരളം ഒറ്റക്കല്ലെന്നും പുനരധിവാസത്തിന് പണത്തിന് യാതൊരു തടസ്സവുമുണ്ടാകില്ലെന്നും ദുരന്തമുഖം സന്ദര്‍ശിച്ച ശേഷം പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കൈമലര്‍ത്തുന്നത്. ദുരന്തം കഴിഞ്ഞിട്ട് നൂറുദിവസം പിന്നിട്ടിട്ടും പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു.

450 ലധികം പേരുടെ ജീവനും അതിലേറെ കുടുംബങ്ങളുടെ ജീവിതവും തകര്‍ത്ത, സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുള്‍പൊട്ടല്‍. പുനരധിവാസം വൈകുന്നത് കാരണം ദുരന്തബാധിതരുടെ ദുരിതം ഇരട്ടിയായി. ദിവസം 300 രൂപ വെച്ചുള്ള സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതും മുടങ്ങി. വായ്പകള്‍ എഴുതിത്തള്ളുമെന്ന ബേങ്കുകളുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസ്സും മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും ഉള്‍പ്പെടെ വയനാടിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരികയും വീടുകള്‍ നിര്‍മിച്ചു നല്‍കാം എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, അതിന് അവശ്യ ഭൂമി കണ്ടെത്തി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

 

Latest