Connect with us

From the print

വയനാട് പുനരധിവാസം: കേന്ദ്ര വായ്പ വിനിയോഗിക്കും; സാവകാശം ആവശ്യപ്പെടും

ഡെപ്പോസിറ്റ് സ്‌കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ പുനരധിവാസം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. ഇതിനായി കേന്ദ്രം നല്‍കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ തീരുമാനമായി. ഡെപ്പോസിറ്റ് സ്‌കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലയുടെ പുനര്‍നിര്‍മാണത്തിനായി 529.5 കോടി രൂപയാണ് കേന്ദ്രം വായ്പയായി നല്‍കിയത്. അടുത്ത മാസം 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. എന്നാല്‍, വായ്പാ വിനിയോഗത്തില്‍ സാവകാശം ആവശ്യപ്പെടാനും ഇക്കാര്യം രേഖാമൂലം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ട് ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെ വി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശരഹിത വായ്പ അമ്പത് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പാ തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതു വരെ കാത്തിരിക്കാതെ തന്നെ വകുപ്പുകള്‍ എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതോടെ സമയപരിധി നിബന്ധന പാലിക്കാനായേക്കും.

 

Latest