Kerala
വയനാട് പുനരധിവാസം: മാതൃകാ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
ഒരുമയുടെ കരുത്താണ് ഇവിടെവരെ എത്തിച്ചതെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് ഈ ദൗത്യത്തിന്റെ ശക്തി. കേന്ദ്രം നിസ്സഹകരിച്ചുവെന്ന് മുഖ്യമന്ത്രി.

കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടൊരുങ്ങുന്നു. വയനാട് പുനരധിവാസത്തിനായുള്ള മാതൃകാ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ദുരന്തബാധിതര്‍ക്കായി ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുക. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.
വൈകാരിക നിമിഷമാണ് ഇതെന്ന് മുഖ്യമന്ത്രി ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഒരുമയുടെ കരുത്താണ് ഇവിടെവരെ എത്തിച്ചത്. കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് ഈ ദൗത്യത്തിന്റെ ശക്തി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചു. നാടിന്റെ അപൂര്‍വതയാണിത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തോട് കേന്ദ്രം സ്വീകരിച്ച നിസ്സഹകരണ സമീപനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രം സഹായിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. വായ്പ മാത്രമാണ് അനുവദിച്ചത്. അത് തിരിച്ചടയ്‌ക്കേണ്ടതാണ്. പഴയ അനുഭവം വച്ച് ഇനി കിട്ടുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ടൗണ്‍ഷിപ്പിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാജന്‍ പറഞ്ഞു.
ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സര്‍ക്കാരും തമ്മില്‍ വില സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
വീടുകള്‍ക്ക് പുറമെ പൊതുസ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര-വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മാണം നടത്തുക. കിഫ്കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.
ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയില്‍ 242 പേരും 2-എ പട്ടികയില്‍ 87 പേരും 2-ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളില്‍ ഏപ്രില്‍ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.