Kerala
വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പുകളില്‍ ഒരെണ്ണത്തിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും: മന്ത്രി കെ രാജന്‍
കല്‍പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങുക

തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച ടൗണ്‍ഷിപ്പുകളില്‍ ഒരെണ്ണത്തിന്റെ നിര്‍മാണം ഈമാസം അവസാനത്തോടെ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍. കല്‍പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങുക. 15 ദിവസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കും. ഇതിന് തര്‍ക്കങ്ങളോ തടസ്സങ്ങളോ ഇല്ല. ദുരന്തനിവാരണ നിയമം അനുസരിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ദുരന്തബാധിതര്‍ക്ക് ഏഴ് സെന്റ് വീതമാണ് നല്‍കുന്നത്. 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടുകളാണ് പണിയുക. 20 ലക്ഷം രൂപ സ്‌പോണ്‍സര്‍ നല്‍കും. നിര്‍മാണത്തിന് ബാക്കിവരുന്ന തുക സര്‍ക്കാര്‍ വഹിക്കും. ടൗണ്‍ഷിപ് നിര്‍മാണം വൈകുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ല. പുഞ്ചിരിമട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല.വീട് നിര്‍മാണത്തിനൊപ്പം തകര്‍ന്ന നാല് പാലങ്ങളും ചൂരല്‍മല-അട്ടമല അടക്കം എട്ട് പ്രധാന റോഡുകളും പുനര്‍നിര്‍മിക്കാനുണ്ട്.
ടൗണ്‍ഷിപ്പില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും. ആശുപത്രി അടക്കമുള്ളവ കല്‍പറ്റയില്‍ ഉള്ളതിനാല്‍ ആദ്യഘട്ടത്തില്‍ അവ പ്രയോജനപ്പെടുത്തും. അടിയന്തര ചികിത്സകള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ചികിത്സ നല്‍കും.ദുരന്തബാധിതര്‍ക്ക് മുന്നൂറ് രൂപവീതം നല്‍കി വരുന്ന സഹായം ഒമ്പത് മാസത്തേക്കുകൂടി നീട്ടാന്‍ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പകരമായി സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാര്‍ഡ് നല്‍കും.
വീട് നിര്‍മിച്ചുനല്‍കേണ്ടവരുടെ ആദ്യഘട്ട അന്തിമ പട്ടികയായി. 242 പേരുടെ പേരുകളാണ് പട്ടികയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ പട്ടികയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും കിടപ്പാടം നഷ്ടമായതിനെ തുടര്‍ന്ന് വീട് വെച്ചുകൊടുക്കേണ്ടവരുടെ പട്ടികയാണിതെന്നും മന്ത്രി പറഞ്ഞു.രണ്ടാംഘട്ടത്തിലുള്ള 81 പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക വെള്ളിയാഴ്ച പൂര്‍ത്തിയാകുമെമന്നും മന്ത്രി വ്യക്തമാക്കി