Connect with us

Kerala

വയനാട് പുനരധിവാസം; കേളി ഒരുകോടി രൂപ കൈമാറി

നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഫണ്ട് കൈമാറി.

Published

|

Last Updated

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കേളി കലാസാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറുന്നു.

തിരുവനന്തപുരം | വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കേളി കലാസാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി മുന്‍ സെക്രട്ടറി കെ ആര്‍ ഉണ്ണികൃഷ്ണന്‍, മുന്‍ സെക്രട്ടറിമാരായ എം നസീര്‍, റഷീദ് മേലേതില്‍, ഷൗക്കത്ത് നിലമ്പൂര്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, കേന്ദ്ര കമ്മിറ്റി മുന്‍ അംഗങ്ങളായ ദസ്തദ്ഗീര്‍, നിസാര്‍ അമ്പലംകുന്ന്, സതീഷ് കുമാര്‍, ഹുസൈന്‍ മണക്കാട്, രാജന്‍ പള്ളിതടം, ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍, ഉമ്മുല്‍ ഹമാം രക്ഷാധികാരി മുന്‍ സെക്രട്ടറി ചന്ദുചൂഡന്‍, സൈബര്‍ വിങ് മുന്‍ കണ്‍വീനര്‍ മഹേഷ് കോടിയത്ത്, മാധ്യമ വിഭാഗം മുന്‍ കണ്‍വീനര്‍ സുരേഷ് കൂവോട് ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2024 ജൂലൈ 30ന് ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസം തന്നെ പ്രവാസ ലോകത്ത് നിന്നും ആദ്യമായി 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും മരണ സംഖ്യയും ഒന്നും വ്യക്തമാകാതിരുന്ന സമയത്താണ് അടിയന്തര സഹായമായി ആദ്യ ഗഡുവായ 10 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

പിന്നീട് ദുരന്തത്തിന്റെ വ്യാപ്തി സര്‍ക്കാര്‍ വിലയിരുത്തുകയും ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ലോക മലയാളികളോട് അഭ്യര്‍ഥിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ അംഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഒരുകോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
രണ്ടാം ഘട്ടമായി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സെപ്തംബര്‍ 25 ന് 40 ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടേറിയറ്റില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.

ഒരുകോടി രൂപ കണ്ടെത്തുന്നതിനായി കേളി ഉമ്മുല്‍ ഹമ്മം ഏരിയ ബിരിയാണി ചലഞ്ച് നടത്തിയും കുടുംബവേദിയിലെ കൊച്ചുകുട്ടികള്‍ തങ്ങളുടെ സമ്പാദ്യ കുടുക്കകള്‍ കൈമാറിയും ഇന്ത്യന്‍ എംബസി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി ആരാധ്യ മജീഷ് തന്റെ കമ്മല്‍ കൈമാറിയും ഫണ്ടുമായി സഹകരിച്ചു. കേളി അംഗങ്ങള്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനത്തില്‍ കുറയാത്ത സംഖ്യ സമര്‍പ്പിച്ചു.

അടുത്ത കാലത്ത് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് ഗ്രാമങ്ങള്‍ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി. 500ല്‍ പരം മനുഷ്യ ജീവനുകള്‍ ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തു. നൂറുകണക്കിന് വീടുകള്‍ നഷ്ടപ്പെട്ടു. ലോകത്തിന്റെ സകല കോണുകളില്‍ നിന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനത വയനാടിന്റെ പുനരധിവാസത്തിനായ് കൈകോര്‍ത്തു. കേരള സര്‍ക്കാര്‍ ഒരു പരാതിക്കും ഇട നല്‍കാത്ത വിധം 28 ദിവസത്തിനുള്ളില്‍ ദുരന്തത്തെ അതിജീവിച്ചവരെ താത്ക്കാലികമായി പുനരധിവസിപ്പിച്ചു. പ്രധാന മന്ത്രിയും ദേശീയ തലത്തിലുള്ള ഏജന്‍സികളും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനായി കേരളത്തിലെത്തി. എന്നാല്‍, കേന്ദ്ര ഏജന്‍സികളും പ്രധാനമന്ത്രി നേരിട്ടും ദുരന്തങ്ങള്‍ കാണുക മാത്രമാണുണ്ടായത്. എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനുള്ള നാശനഷ്ടം കാണാന്‍ കഴിഞ്ഞില്ല എന്നതാണ് പിന്നീട് വന്ന ബജറ്റില്‍ പോലും ഈ ദുരന്തത്തെ പരാമര്‍ശിക്കാതെ പോയതില്‍ നിന്നും വ്യക്തമാകുന്നത്.

ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന പുനരധിവാസത്തിന്റെ ഭാഗമായ ടൗണ്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കേളിയുടെ എല്ലാവിധ ആശംസകളും നേരുന്നതായും തുടര്‍ന്നും നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് കേളിയുടെ സഹായങ്ങള്‍ ഉണ്ടാകുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.