Connect with us

Kerala

വയനാട് പുനരധിവാസം; കേളി ഒരു കോടി രൂപ നല്‍കും

കേളിയുടെ 'സ്‌നേഹസ്പര്‍ശം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്.

Published

|

Last Updated

റിയാദ് | വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദിയും. കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി കേളി ഒരു കോടി രൂപ സമാഹരിച്ചു നല്‍കും. കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ മെമ്പര്‍മാരും ഈ ഉദ്യമത്തില്‍ പങ്കാളികളാകുമെന്നും റിയാദിലെ പൊതു സമൂഹത്തിനും കേളിയോടൊപ്പം കൈകോര്‍ക്കാമെന്നും രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് പറഞ്ഞു.

കേളിയുടെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180 ല്‍ അധികംആളുകളെ കണ്ടെത്താനുണ്ട്. ദുരന്തം നടന്നതിന്റെ രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തുനിന്നുംആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു.

ദുരന്തത്തില്‍ സകലതും നഷ്ടമായവര്‍ക്കായി വിപുലമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുമെന്നും, പൂര്‍ണമായും തകര്‍ന്നുപോയജനവാസ മേഖലയ്ക്ക് പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ആഗസ്റ്റ് 30 ന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്നും കെ പി എം സാദിക്ക് അറിയിച്ചു.

വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമത്തില്‍ പ്രവാസ ലോകത്തുനിന്നും കഴിയാവുന്നതിന്റെ പരമാവധിചെയ്യാന്‍ കേളി രംഗത്തുണ്ടാവും. മനുഷ്യനെന്ന പദത്തിന്റെ മഹത്വം കേരളത്തിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്. ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെമറികടക്കാന്‍ കേരളക്കരയാകെ ഒന്നിച്ചത് നാം തൊട്ടറിഞ്ഞു. മുണ്ടക്കൈയും ചൂരല്‍മലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെടുത്തത് യുദ്ധസമാന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്. രണ്ടായിരത്തിലധികം പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവര്‍ത്തകര്‍ കൈപിടിച്ചുകയറ്റിയത്.

മുന്‍കാലങ്ങളിലെ പ്രളയവും മഹാമാരിയും, പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് വഴികാട്ടി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിഞ്ഞു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട ഒരോരുത്തരേയും കേളി അഭിനന്ദിക്കുന്നു. അതിദാരുണ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസം പകരാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിതെന്നും വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും കേളി അഭ്യര്‍ഥിച്ചു.

2018-19 ല്‍ കേരളം നേരിട്ട മഹാ പ്രളയത്തില്‍ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിഅരക്കോടി രൂപയാണ്കേളി നല്‍കിയത്. കൂടാതെ സംഘടനയുടെ പ്രവര്‍ത്തകര്‍ വ്യക്തിപരമായും സഹായങ്ങള്‍ നല്‍കി.

കൊവിഡ് മഹാമാരിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട വേളയിലും കേളി വാക്സിന്‍ ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest