Kerala
വയനാട് പുനരധിവാസം; കേളിയുടെ രണ്ടാം ഗഡു ഇന്ന് കൈമാറും
ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തു നിന്നുള്ള ആദ്യ സഹായമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു.
റിയാദ് | വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ രണ്ടാം ഗഡു ഇന്ന് (സെപ്തം: 25, ബുധന്‍) കൈമാറും. കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായാണ് കേളി ഒരു കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തു നിന്നുള്ള ആദ്യ സഹായമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു. തുടര്‍ന്നാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതും സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പ്രഖ്യാപിച്ചതും. ഇതിനു പിന്നാലെയാണ് കേളിയിലെയും കുടുംബവേദിയിലെയും എല്ലാ അംഗങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് ഒരു കോടി രൂപ നല്‍കാന്‍ കേളി രക്ഷാധികാരി സമിതി തീരുമാനിച്ചത്. അവധിയില്‍ നാട്ടിലുള്ള കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തില്‍ കേളിയുടെ മുന്‍കാല പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറും.
അടുത്ത കാലത്ത് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് ഗ്രാമങ്ങള്‍ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി. 500ല്‍ പരം മനുഷ്യ ജീവനുകള്‍ ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തു. നൂറുകണക്കിന് വീടുകള്‍ നഷ്ടപ്പെട്ടു. ലോകത്തിന്റെ സകല കോണുകളില്‍ നിന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനത വയനാടിന്റെ പുനരധിവാസത്തിനായ് കൈകോര്‍ത്തു.
കേരള സര്‍ക്കാര്‍ ഒരു പരാതിക്കും ഇട നല്‍കാത്ത വിധം 28 ദിവസത്തിനുള്ളില്‍ ദുരന്തത്തെ അതിജീവിച്ചവരെ താത്ക്കാലികമായി പുനരധിവസിപ്പിച്ചു. പ്രധാന മന്ത്രിയും ദേശീയ തലത്തിലുള്ള ഏജന്‍സികളും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കി. ദുരന്തം നടന്ന് രണ്ടു മാസത്തോടടുക്കാറായിട്ടും യാതൊരു വിധ സഹായവും പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കി പ്രതീക്ഷിക്കുന്ന നഷ്ടങ്ങളുടെ കണക്ക് സമര്‍പ്പിച്ചതിനെ ചെലവാക്കിയ തുകയുടെ കണക്കാക്കി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ അവിശ്വാസം പരത്താനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാത്തതിന് മറയാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് പറഞ്ഞു.
ദുരന്ത മുഖത്തും സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ഭൂഷണമല്ലെന്നും ഈ നിലപാടില്‍ കേളിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.