Kerala
വയനാട് പുനരധിവാസം: കര്‍ണാടകയുടേതടക്കം എല്ലാ വാഗ്ദാനങ്ങളും ഉറപ്പുവരുത്തും; സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി
ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്നും സുതാര്യമായ സ്‌പോണ്‍സര്‍ഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും പിണറായി
കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ തയാറാകുന്ന മുറക്ക് വിശദാംശങ്ങള്‍ അറിയിക്കാമെന്നും സുതാര്യമായ സ്‌പോണ്‍സര്‍ഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും പിണറായി മറുപടിക്കത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയുടേതടക്കം എല്ലാ വാഗ്ദാനങ്ങളും ഉറപ്പുവരുത്തുമെന്നും കത്തില്‍ പറയുന്നു. വയനാട് പുനരധിവാസത്തിന് 100 വീടുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുളള കത്തിന് മറുപടി നല്‍കാത്തത് കൊണ്ട് പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി കത്തയച്ചുവെന്നതരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്തല്ല പുതുതായി ഭൂമി നോക്കുന്നത്. ഏറ്റവും സുതാര്യമായ രീതിയില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വൈത്തിരി താലൂക്കില്‍ രണ്ട് സ്ഥലങ്ങളിലായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വയനാട് മുണ്ടൈക്കൈ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതബാധിര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ കത്തിന് മറുപടി നല്‍കിയില്ലെന്ന് അറിയിച്ച് സിദ്ധരാമയയ്യ പിണറായി വിജയന് പത്താം തീയതി കത്തയക്കുകയായിരുന്നു. പിണറായിക്ക് അയച്ച കത്ത് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി