Wayanad Disaster
വയനാട് ദുരിതാശ്വാസം; കെ എസ് ഇ ബി ആദ്യഗഡു 10 കോടി രൂപ നല്‍കി
വിവിധ തൊഴിലാളിയൂണിയനുകള്‍, ഓഫീസര്‍മാരുടെ സംഘടനകള്‍ എന്നിവമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയാണ് ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതിനു തീരുമാനിച്ചത്
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ എസ് ഇ ബി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ആദ്യ ഗഡുവായ തുകയുടെ ചെക്ക് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കെ എസ് ഇ ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കെ എസ് ഇ ബി വിതരണവിഭാഗം ഡയറക്ടര്‍ പി സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി മുരുഗദാസ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ടി എസ് അനില്‍ റോഷ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ആര്‍ ശിവശങ്കരന്‍, പി ആര്‍ ഒ വിപിന്‍ വില്‍ഫ്രഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ തൊഴിലാളിയൂണിയനുകള്‍, ഓഫീസര്‍മാരുടെ സംഘടനകള്‍ എന്നിവമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയാണ് ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതിനു തീരുമാനിച്ചത്. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. സെപ്റ്റംബറില്‍ സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരും മാസങ്ങളില്‍ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുന്‍കൂര്‍ ചേര്‍ത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നല്‍കിയത്.