Tiger Attack
വയനാട് ഒറ്റ രാത്രി കടുവ മൂന്ന് പശുക്കളെ കൊന്നു
ബത്തേരി- പനമരം റൂട്ടില്‍ നാട്ടുകാര്‍ ട്രാക്ടറില്‍ പശുവിന്റെ ജഡവുമായി എത്തി പ്രതിഷേധിക്കുകയാണ്.
മാനന്തവാടി | വയനാട് കേണിച്ചിറയില്‍ ഒറ്റ രാത്രി കടുവ മൂന്ന് പശുക്കളെ കൊന്നു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് വീണ്ടും ഭീതിപരത്തിയത്. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്.
കഴിഞ്ഞ ദിവസം പശുവിനെ കൊന്ന സ്ഥലത്തുനിന്ന് 500 മീറ്റര്‍ മാറിയാണ് വീണ്ടും കടുവ ആക്രമണമുണ്ടായത്. കേണിച്ചിറ കിഴക്കേല്‍ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കല്‍ ബെന്നിയുടെ രണ്ടു പശുക്കളെ പുലര്‍ച്ചെയോടെയും കൊന്നു.
കടുവയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.
ബത്തേരി- പനമരം റൂട്ടില്‍ നാട്ടുകാര്‍ ട്രാക്ടറില്‍ പശുവിന്റെ ജഡവുമായി എത്തി പ്രതിഷേധിക്കുകയാണ്. വനം വകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ തെരുവില്‍ എത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു. വനം വകുപ്പ് ഉന്നത അധികൃതര്‍ ഒന്നും ഡ്യൂട്ടിയില്‍ ഇല്ലാത്ത സാഹചര്യമാണ് പ്രതിഷേധത്തില്‍ ഉയരുന്നത്.