From the print
വീണ്ടും വി ഐ പി മണ്ഡലമാകാൻ വയനാട്
നിർണായകമായ സാഹചര്യത്തിൽ രാഹുൽ വയനാടിനെ ഉപേക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാകും എൽ ഡി എഫും എൻ ഡി എയും പ്രചാരണം നയിക്കുക
കൽപ്പറ്റ | ദേശീയ ഭരണത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഘടകമല്ലെങ്കിലും നിർണായക രാഷ്ട്രീയ പോരിനാകും വയനാട് ഉപതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. നെഹ്റു കുടുംബത്തിന്റെ ഇളമുറക്കാരി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് ഹരിശ്രീകുറിക്കാൻ മലയോര മണ്ണിൽ എത്തുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രിയങ്ക തന്റെ പിൻഗാമിയായുണ്ടാകുമെന്ന് രാജി പ്രഖ്യാപന വേളയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ സംഖ്യം ഒന്നടങ്കം പ്രിയങ്കക്കായി വയനാട്ടിലെത്തും. ഇന്ത്യ സഖ്യത്തിനെതിരെ വിമർശങ്ങളുമായി കേന്ദ്ര ക്യാബിനറ്റും ഭരണപക്ഷവും കളത്തിലുണ്ടാകും. വയനാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസമില്ലെങ്കിലും രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്കക്ക് നിലനിർത്താനാകുമോയെന്നതാകും ശ്രദ്ധേയം.
രാജ്യംകണ്ട വലിയ ഒരു ദുരന്തത്തിന്റെ അതിജീവന മുഖത്താണ് വയനാട് ഇപ്പോഴുള്ളത്. പ്രിയങ്കയുടെ സഹോദരൻ രാജിവെച്ചതിനാൽ കഴിഞ്ഞ നാല് മാസമായി വയനാടിന് എം പിയില്ല. നിർണായകമായ സാഹചര്യത്തിൽ രാഹുൽ വയനാടിനെ ഉപേക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാകും എൽ ഡി എഫും എൻ ഡി എയും പ്രചാരണം നയിക്കുക. സ്ഥാനാർഥിയെ സംബന്ധിച്ച് എൽ ഡി എഫും എൻ ഡി എയും ചർച്ച തുടങ്ങിക്കഴിഞ്ഞു. എൽ ഡി എഫ് സ്ഥാനാർഥിയായി സി പി ഐ സംസ്ഥാന കൗൺസിൽ അംഗവും മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയുമായ ഇ എസ് ബിജിമോളുടെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തത്തിന് ശേഷം ജില്ലയിലെ വിവിധ പരിപാടികളിൽ ബിജിമോൾ സജീവമാണ്. സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബുവിന്റെ പേരും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ബിജിമോളുടെ പേരിന് തന്നെയാണ് പ്രഥമ പരിഗണന.
എൻ ഡി എ സ്ഥാനാർഥിയായി ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, അനിൽ ആന്റണി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ആദിവാസികളും തോട്ടം തൊഴിലാളികളും മലയോര കർഷകരും മതന്യൂനപക്ഷങ്ങളും വിധി നിർണയിക്കുന്ന, മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മണ്ഡലം. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പോലെ മുസ്്ലിം വോട്ടുകൾ നിർണായകമാകുന്ന മണ്ഡലമാണ് വയനാട്. മണ്ഡലത്തിലെ സാമുദായിക സമവാക്യം പരിശോധിച്ചാൽ 45 ശതമാനം ഹിന്ദുക്കളും 41 ശതമാനം മുസ്്ലിംകളും 13.7 ശതമാനം ക്രിസ്ത്യാനികളുമാണ്. മറ്റു മതക്കാർ 0.30 ശതമാനം മാത്രമാണ്. ഗോത്രവിഭാഗക്കാർക്കും വലിയ വോട്ട് വയനാട്ടിലുണ്ട്. ഏഴിൽ രണ്ട് നിയമസഭാ മണ്ഡലങ്ങൾ ഇതിനാൽ പട്ടിക ജാതി, പട്ടിക വർഗ സംവരണവുമാണ്.
മണ്ഡല ചരിത്രം
ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയ വയനാട് പാർലിമെന്റ് മണ്ഡലം 2009ലാണ് രൂപവത്്കരിച്ചത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മണ്ഡലത്തിന്റെ യു ഡി എഫ് ആഭിമുഖ്യം പ്രകടമായിരുന്നു. കോൺഗ്രസ്സ് സ്ഥാനാർഥിയായിരുന്ന എം ഐ ഷാനവാസ് ഒന്നര ലക്ഷത്തോളം വോട്ടുകൾക്കാണ് സി പി ഐയിലെ റഹ്്മത്തുല്ലയെ തോൽപ്പിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ സ്ഥിതി ആകെ മാറി. രാഹുൽ തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ സി പി ഐ സ്ഥാനാർഥി പി പി സുനീറിന് കാഴ്ചക്കാരനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ആകെ പെട്ടിയിലായ വോട്ടുകളുടെ 64.67 ശതമാനവും നേടിയ രാഹുൽ ഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് പാർലിമെന്റ് മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിൽ നാലെണ്ണത്തിലാണ് യു ഡി എഫ് ജയിച്ചത്. മൂന്നെണ്ണം എൽ ഡി എഫിനൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3,64,422 വോട്ടിനാണ് രാഹുൽ ഗാന്ധി എൽ ഡി എഫിലെ ആനി രാജയെ പരാജയപ്പെടുത്തിയത്.