Connect with us

kanthapuram

വയനാട് പുനരധിവാസത്തിൽ പങ്കുചേരും: കാന്തപുരം

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലും സജീവമായി ഇടപെടും.

Published

|

Last Updated

കോഴിക്കോട് | വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ സമാനതകളില്ലാത്ത ദുരിതത്തെ തുടർന്ന് എല്ലാം നഷ്ടമായവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.

സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാകുക. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിലും സജീവമായി ഇടപെടും. ഇക്കാര്യം അറിയിച്ചും രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ചും പിന്തുണയറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം ആശയവിനിമയം നടത്തി.

മർകസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായം ഇതിനകം നൽകിയിട്ടുണ്ട്. എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ ദുരന്തമുഖത്തും ചാലിയാർ തീരങ്ങളിലും നിലമ്പൂരിലെയും മേപ്പാടിയിലെയും ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സേവന രംഗത്ത് സജീവമാണെന്നും പ്രദേശത്തിന്റെ ഭാവി പുനരധിവാസത്തിൽ സർക്കാർ ശ്രമങ്ങൾക്ക് സാധ്യമായ പിന്തുണ നൽകുമെന്നും കാന്തപുരം മുഖ്യമന്ത്രിയെ അറിയിച്ചു.

---- facebook comment plugin here -----

Latest