wynad disaster
വയനാട് ദുരന്തം; ധനസഹായത്തില്‍ നിന്ന് തിരിച്ചടവ് പിടിച്ച ബാങ്കിനെതിരെ ശക്തമായ യുവജന പ്രതിഷേധം
ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുന്‍പില്‍ ഉപരോധം സൃഷ്ടിച്ചത്
കല്പറ്റ | ചൂരല്‍മല – മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്ന് വായ്പാ തിരിച്ചടവ് പിടിച്ച കല്പറ്റ ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുന്‍പില്‍ ഉപരോധം സൃഷ്ടിച്ചത്.
സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത സംഘടനകള്‍ ബാങ്ക് ഉപരോധിക്കുകയാണ്. സംഘടനകള്‍ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനല്‍കിയെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചെങ്കിലും ദുരന്തബാധിതര്‍ക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. ചുരല്‍മല ഗ്രാമീണ്‍ ബാങ്കിന്റേതായിരുന്നു നടപടി.
പുഞ്ചിരിമട്ടം സ്വദേശിയായ മിനിമോള്‍ കിണര്‍ നിര്‍മ്മിക്കാനായി ആധാരം പണയം വച്ച് 50,000 രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ ഗഡുവായ 3000 രൂപയാണ് ഇവര്‍ക്ക് ഓഗസ്റ്റ് 14 ന് ലഭിച്ച ധനസഹായത്തില്‍ നിന്ന് ബാങ്ക് പിടിച്ചത്. നിലവില്‍ മേപ്പാടി സ്‌കൂളിലെ ക്യാമ്പിലാണ് മിനിയും ഭര്‍ത്താവും കഴിയുന്നത്. ചുരല്‍മല സ്വദേശിയായ സന്ദീപിന്റെ 2,000 രൂപയും പശുക്കളെ വാങ്ങാന്‍ വായ്പയെടുത്ത രാജേഷിന്റെ പണവും ബാങ്ക് പിടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കലക്ടറോട് വിശദീകരണം തേടിയിരുന്നു.
ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയില്‍ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേര്‍ന്ന ബാങ്കേഴ്‌സ് സമിതി യോഗം ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കി.അടിയന്തര ധനസഹായമായി സര്‍ക്കാര്‍ നല്‍കിയ 10,000 രൂപയില്‍ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്.