Connect with us

wynad disaster

വയനാട് ദുരന്തം: ബേങ്കുകള്‍ വായ്പ എഴുതിത്തള്ളാന്‍ കേരളാ ബേങ്കിനെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി

വായ്പാ അടവിന് അവധി നല്‍കലോ പലിശയിളവോ പരിഹാരമാകില്ല

Published

|

Last Updated

തിരുവനന്തപുരം | വയനാട് ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേരളാ ബേങ്ക് സ്വീകരിച്ച നടപടി മറ്റ് ബേങ്കുകള്‍ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബേങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വായ്പാ അടവിന് അവധി നല്‍കലോ പലിശയിളവോ ഒന്നും പരിഹാരമാകില്ലെന്നും അതിനാല്‍ വായ്പ എഴുതി തള്ളണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബേങ്കുകള്‍ വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം. റിസര്‍വ് ബേങ്കിന്റെയും നബാര്‍ഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് നടപടി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ എഴുതി തള്ളുന്നത് ബേങ്കിന് താങ്ങാനാകാവുന്നതേയുള്ളൂ. കേരള ബേങ്ക് എടുത്ത തീരുമാനം മാതൃകയായി കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ആദ്യ ഘട്ട സഹായമായാണ് 10,000 രൂപ നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് വായ്പ തിരിച്ചുപിടിച്ചു. ബേങ്കുകള്‍ യാന്ത്രികമായി മാറാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലി വളര്‍ത്തുന്നതിനായി വായ്പയെടുത്തവരുണ്ട്. വായ്പകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ വയനാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ബേങ്കുകള്‍ മൊത്തത്തില്‍ നല്‍കിയ വായ്പയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരെ മാതൃകാപരമായി പുനരധിവസിപ്പിക്കും. ദുരന്തം വയനാടിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. കൃഷി ഭൂമി അതിന് യോഗ്യമല്ലാതായിമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest