Kerala
വയനാട് ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ സി പി ഐ നവംബര്‍ 21ന് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടുമുള്ള കൊടിയ വഞ്ചനയാണ്.
തിരുവനന്തപുരം | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 21ന് സി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടുമുള്ള കൊടിയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുക. ദുരന്തമുണ്ടായി പതിനൊന്നാം ദിവസം വയനാട്ടിലെത്തിയ പ്രധാന മന്ത്രി കാട്ടിക്കൂട്ടിയതെല്ലാം ആത്മാര്‍ഥത ലവലേശമില്ലാത്ത നാടകം മാത്രമായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.
2,262 കോടി രൂപയുടെ പാക്കേജാണ് ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സംസ്ഥാനത്തിനു ലഭിച്ചു വരുന്ന സാധാരണ വിഹിതം ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് പണം നീക്കിയിരിപ്പ് ഉണ്ടെന്ന വിചിത്ര വാദമാണ് ബി ജെ പി ഉന്നയിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.