wynad disaster
വയനാട് ദുരന്തം; ജോണ്‍ മത്തായി ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരച്ചില്‍ അവസാനിപ്പിക്കുന്നു
കല്‍പ്പറ്റ | മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ദുരന്തമേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍.
ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് സംഘം പറഞ്ഞിരുന്നു. ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണെന്നാണ് സമിതിയുടെ നിഗമനം. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നാണ് ജോണ്‍ മത്തായിയുടെ നിലപാട്.
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ മേഖലകളെ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേര്‍ന്ന് വീടുകള്‍ ഇരിക്കുന്ന ഭാഗം ആപല്‍ക്കരമായ സാഹചര്യമാണ്. അവിടെ താമസിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെയാണ് സംഘം പരിശോധന നടത്തിയത്.
അതേസമയം, ഉരുള്‍ പൊട്ടല്‍ മേഖലയില്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണ്. കൂടുതല്‍ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാര്‍ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തെരച്ചില്‍ നിര്‍ത്തി.എന്നാല്‍ തിരച്ചില്‍ നിര്‍ത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.
തെരച്ചിലിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡല്‍ ഓഫീസര്‍ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങള്‍ക്ക് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവര്‍ക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ എന്‍ ഡി ആര്‍ എഫിന് റിലീവിങ് ഓര്‍ഡര്‍ നല്‍കിയിട്ടില്ല.
119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചൂരല്‍ മലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. അവര്‍ക്കുള്ള ഭക്ഷണം അടക്കം ഒരുക്കുന്നത് വ്യാപാരികളാണ്.