Connect with us

Ongoing News

വയനാട് ദുരന്തം; ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്ഷോര്‍

അവശ്യ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വയനാടില്‍ എത്തിക്കും

Published

|

Last Updated

അബുദബി |  വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ അനുഭവിച്ചവര്‍ക്കുമായി വിപിഎസ് ലേക്ഷോര്‍ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് ദുരിതബാധിതമേഖലയില്‍ എത്തിക്കുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തര മരുന്നുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്‌കെ അബ്ദുള്ള അടിയന്തരമായി ഒരു കോടി രൂപയുടെ മരുന്നുകള്‍ എത്തിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍, നിലവിലുള്ള ദുരിതാശ്വാസ-മെഡിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപഭോഗവസ്തുക്കളും എത്തിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സഹായം എത്രയും വേഗം എത്തിക്കാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് എസ്‌കെ അബ്ദുള്ള പറഞ്ഞു.ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള ഏതാവശ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ വിപിഎസ് ലേക്ഷോര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്‌സില്ലിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, അസിത്രോമൈസിന്‍ ഗുളികകള്‍, സെഫ്റ്റ്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ മരുന്ന് , ഒസെല്‍റ്റാമിവിര്‍ കാപ്‌സ്യൂളുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നീ അവശ്യവസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന് കൈത്താങ്ങേകാനുള്ള വിപിഎസ് ലേക്ഷോറിന്റെ ഇടപെടല്‍.

Latest