ആത്മായനം
നരക മോചനത്തിന്റെ വഴികൾ
ഭയാനകമായ നരകത്തീയിൽ നിന്ന് മോചിതരാകുന്നവരിൽ പെട്ടാൽ നമ്മൾ ഈ ജീവിതം കൊണ്ട് ജയിച്ചു. അതിനുള്ള അവസരമാണ് നമ്മുടെ മുമ്പിൽ റമസാൻ നിവർത്തിയിടുന്നത്.ധാരാളം അടിമകൾക്ക് നരക മോചനം നൽകുന്ന കാലമാണിത്. അബൂഹുറൈറ(റ) രേഖപ്പെടുത്തിയ ഹദീസിൽ നമുക്കത് കാണാം: നബി (സ) പറഞ്ഞു "റമസാനിന്റെ പ്രഥമ രാവിൽ തന്നെ ശൈതാൻമാരെയും മറദതുൽ ജിന്നിനെയും ബന്ധിക്കും, നരക കവാടങ്ങൾ അടയ്ക്കും; ഒരു വാതിലും തുറക്കില്ല, സ്വർഗ കവാടങ്ങൾ മലർക്കെ തുറന്നിടും; ഒന്നും അടക്കില്ല, അറിയിപ്പു നൽകാൻ നിർദേശം കിട്ടിയ ആൾ വിളിച്ചു പറയും "നന്മകൾ തേടുന്നവർ വരൂ...തിന്മകൾ അന്വേഷിക്കുന്നവർ അകന്ന് പോകൂ, അല്ലാഹുവിന് നരക മോചിതരായ ചില അടിമകളുണ്ട്' എന്നിങ്ങനെ എല്ലാ രാവിലും വിളിയാളമുണ്ടാകും (ഇബ്നുമാജ)

നരകം ബീഭത്സമാണ്, ഭീകരമാണ്, കത്തിച്ചാമ്പലാക്കുന്ന തീകുണ്ഡമാണ്, അതിന്റെ ആഴം അപരിമേയമാണ്, താപം അസഹനീയമാണ്. കാലുഷ്യത്തിന്റെ കൂരിരുട്ടിൽ ജീവിതം നയിച്ചവർക്ക് തയ്യാറാക്കപ്പെട്ട ക്രൗര്യഭാവത്തിന്റെ തടവറയാണത്. നമ്മുടെ ബുദ്ധിയുടെ പരിമിതി നരകമെന്താണെന്ന് തിരിച്ചറിയുന്നതിലും വിശദീകരിക്കുന്നതിലും നമ്മെ ബലഹീനരാക്കുന്നു, പരാജയപ്പെടുത്തുന്നു. ഒടുക്കം ഒന്നു പറയാം, താങ്ങാനാകാത്ത വിധം വേദനയുടെ പാരമ്യതയാണ് നരകം.
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കുവാൻ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിവാനുമാകുന്നു. (വിശുദ്ധ ഖുർആൻ 4:56)
വിശുദ്ധ ഖുർആന്റെ നിരവധിയിടങ്ങളിൽ നരകത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ കാണാം.
” അതിനാൽ കത്തിയാളുന്ന നരകത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു’ (സൂറ: ലൈൽ 14)
“ഈ നരകവും ഗംഭീരമായൊരു പരീക്ഷണം തന്നെ, മനുഷ്യർക്ക് താക്കീതായുള്ളത് ‘ ( സൂറ: മുദ്ദസിർ 35, 36) മനുഷ്യനെ പേർത്തും പേർത്തും ചേർത്തുപിടിക്കുന്ന കരുണാവാരിധിയുടെ ഈ മുന്നറിയിപ്പുകൾ നമ്മൾ ഏറെ ശ്രദ്ധിക്കണം. അടുക്കും ചിട്ടയുമുള്ള ജീവിതത്തിന് നരകത്തീയുടെ ചൂടേൽക്കേണ്ടിവരില്ല. പ്രിയപ്പെട്ട അടിമകളേ നിങ്ങളാ കയത്തിൽ ചാടല്ലേ എന്ന സ്നേഹമാണ് നാം വെറുങ്ങലിച്ചു പോകുന്ന ഭാഷയിൽ നമ്മെ ഓർമപ്പെടുത്തിയതിന്റെ ഉൾസാരം. തിരുദൂതർ (സ) നരകത്തെ കണ്ട ദൃക്സാക്ഷ്യം അവതരിപ്പിച്ചതിങ്ങനെയാണ് “ഞാൻ നരകം കണ്ടു. ആ ദിവസം കണ്ടപോലോത്ത ഭീകരമായ കാഴ്ച ഞാൻ മുമ്പ് കണ്ടിട്ടില്ല.
ഭയാനകമായ നരകത്തീയിൽ നിന്ന് മോചിതരാകുന്നവരിൽ പെട്ടാൽ നമ്മൾ ഈ ജീവിതം കൊണ്ട് ജയിച്ചു. അതിനുള്ള അവസരമാണ് നമ്മുടെ മുമ്പിൽ റമസാൻ നിവർത്തിയിടുന്നത്. ധാരാളം അടിമകൾക്ക് നരക മോചനം നൽകുന്ന കാലമാണിത്. അബൂഹുറൈറ(റ) രേഖപ്പെടുത്തിയ ഹദീസിൽ നമുക്കത് കാണാം: നബി (സ) പറഞ്ഞു “റമസാനിന്റെ പ്രഥമ രാവിൽ തന്നെ ശൈതാൻമാരെയും മറദതുൽ ജിന്നിനെയും ബന്ധിക്കും, നരക കവാടങ്ങൾ അടയ്ക്കും; ഒരു വാതിലും തുറക്കില്ല, സ്വർഗ കവാടങ്ങൾ മലർക്കെ തുറന്നിടും; ഒന്നും അടക്കില്ല, അറിയിപ്പു നൽകാൻ നിർദേശം കിട്ടിയ ആൾ വിളിച്ചു പറയും “നന്മകൾ തേടുന്നവർ വരൂ… തിന്മകൾ അന്വേഷിക്കുന്നവർ അകന്ന് പോകൂ, അല്ലാഹുവിന് നരക മോചിതരായ ചില അടിമകളുണ്ട്’ എന്നിങ്ങനെ എല്ലാ രാവിലും വിളിയാളമുണ്ടാകും (ഇബ്നുമാജ)
അതിനാൽ നരക മോചനത്തെ ആവർത്തിച്ചു ചോദിക്കേണ്ട നിമിഷങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. നഷ്ടമാകാതിരിക്കാൻ നമ്മൾ ബദ്ധശ്രദ്ധരായിരിക്കണം. നരകത്തെ തൊട്ട് അകലാൻ നമ്മുടെ ജീവിതത്തിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. അതു പറയാം.
ഒന്ന്, അല്ലാഹുവിന്റെ ഏകത്വത്തെ നിഷ്കപടമായി അംഗീകരിക്കലാണ്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന് അകമറിഞ്ഞു വിശ്വസിച്ചവർക്ക് അന്ത്യനാളിൽ നരകം നിഷിദ്ധമായിരിക്കുമെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. വിവേകമുള്ള ഒരു സൃഷ്ടി എന്ന നിലക്ക് മനുഷ്യന് സ്രഷ്ടാവിന്റെ യഥാർഥ സ്വത്വത്തെ അംഗീകരിക്കൽ അനിവാര്യമാണ്. നമുക്ക് ജീവും ജീവനോപാധികളും തരുന്ന സ്രഷ്ടാവിന് വിരുദ്ധമായ വിശ്വാസങ്ങളെന്തും ധിക്കാരമാണ്.
രണ്ട്, പ്രാർഥനയാണ്. ആരെങ്കിലും സ്വർഗത്തെ മൂന്ന് തവണ ചോദിച്ചാൽ സ്വർഗം പറയും അല്ലാഹുവേ അവന് സ്വർഗ പ്രവേശനം കൊടുക്കണേ, വല്ലവനും നരക മോചനം മൂന്ന് തവണ തേടിയാൽ നരകം പറയും അല്ലാഹുവേ അവന് നരകത്തിൽ നിന്നും മോചനം നൽകണേ. ഈ ഹദീസ് തിർമുദി റിപ്പോർട്ട് ചെയ്തതാണ്. ഇടമുറിയാത്ത പ്രാർഥനകൾ നമ്മുടെ വിശ്വാസത്തെ ഊതിക്കാച്ചിക്കൊണ്ടിരിക്കും. വിശ്വാസം നമ്മെ നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യും.
മൂന്ന്, നിസ്കാരത്തിൽ അതീവ ശ്രദ്ധ ഉണ്ടാവലാണ്. നിസ്കാരം കൃത്യമായി നിർവഹിക്കുന്നതിലും അതിന്റെ സമയക്രമങ്ങളിലും അതിലെ അച്ചടക്കങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. അശ്രദ്ധവാന്മാരായ നിസ്കാരക്കാർക്ക് നരകം ഉണ്ടാകുമെന്ന് ഖുർആൻ ഓർമപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല നാൽപ്പത് ദിവസം ജമാഅത്തുകളിൽ ഇമാമിനുടനെ തക്ബീറതുൽ ഇഹ്റാം നിർവഹിച്ചാൽ കാപട്യങ്ങളിൽ നിന്നും നരകത്തിൽ നിന്നും മോചനമുണ്ടാകുമെന്നതും തിരുനബി(സ)യുടെ പാഠമാണ്.
നാല്, സുന്നത്ത് നോമ്പുകൾ വർധിപ്പിക്കൽ, നോമ്പ് തിന്മകൾക്കെതിരെയുള്ള പരിചയായിരിക്കെ അതിന്റെ വർധനവ് നമ്മെ കൂടുതൽ വിശുദ്ധരാക്കുകയും നരകത്തിൽ നിന്ന് അകറ്റുകയും ചെയ്യും. ദൈവിക മാർഗത്തിലായി വല്ല അടിമയും ഒരു ദിനം വ്രതമനുഷ്ഠിച്ചാൽ 70 ഹരീഫ വഴിദൂരം (70 വർഷം) നരകത്തിൽ നിന്നവൻ അകലും ( മുസ്്ലിം)
അഞ്ച്, ദൈവഭക്തിയിലലിഞ്ഞുള്ള കരച്ചിൽ, കണ്ണീർ വാർത്തതു പോലും അല്ലാഹുവെ കുറിച്ചുള്ള ആലോചനകളിലാകുമ്പോൾ ഹൃദയത്തിന് നല്ല തെളിച്ചമുണ്ടാകും. അകിടിലേക്ക് പാൽ തിരിച്ച് പോകുംവരെ ദൈവഭക്തിയാൽ കരഞ്ഞവരൊന്നും നരകം സ്പർശിക്കില്ല എന്ന് തിരുനബി (സ) അരുളിയിട്ടുണ്ട് (തിർമുദി)
ആറ്, സഹോദരി/ മകൾ എന്നിവരെ ധാർമിക ചിട്ടയിൽ വളർത്തൽ. ആഇശ ബീവി (റ) രേഖപ്പെടുത്തുന്ന ഹദീസ് നോക്കൂ, നബി(സ) പറഞ്ഞു: ഈ പെൺകുട്ടികളെ വളർത്തി സച്ചരിതരാക്കിയാൽ, അവരൊക്കെയും നിങ്ങളുടെ നരകത്തെ തൊട്ടുള്ള മറയാകും (ബുഖാരി)
ഏഴ്, തന്റെ സഹോദരന്റെ അഭിമാനം കാക്കൽ, അബുദർദാഅ്(റ) രേഖപ്പെടുത്തിയ ഹദീസ് ആ കാര്യം പറയുന്നുണ്ട്.
നബി (സ) പറഞ്ഞു “ആരെങ്കിലും തന്റെ സഹോദരന്റെ അഭിമാനം സംരക്ഷിച്ചാൽ അന്ത്യനാളിൽ നരകത്തെ തൊട്ട് അയാളുടെ മുഖത്തെ അല്ലാഹു സംരക്ഷിക്കും’. എട്ട്, ചെറുതെങ്കിലും ദാനം ചെയ്യൽ, ഒരു ചീന്ത് ഈത്തപ്പഴമെങ്കിലും ദാനം ചെയ്ത് നരകത്തിൽ നിന്നകലാൻ നിങ്ങളിലാർക്കാണ് സാധിക്കുകയെന്ന തിരുനബി (സ) യുടെ ചോദ്യം ആ പാഠമാണ് പഠിപ്പിക്കുന്നത്. നമ്മൾ പറഞ്ഞത് ചില ശകലങ്ങൾ മാത്രമാണ്. ഇവയടക്കം നരകത്തിൽ നിന്നും മോചനം ലഭിക്കുന്ന സുകൃതങ്ങൾ നമ്മുടെ ജീവിതത്തിന്റെ ശീലമാകണം. തിന്മകളുടെ പോറലേൽക്കാത്ത നല്ല ജീവിതമാകണം റമസാനിലൂടെ നമ്മൾ ആർജിക്കേണ്ടത്. നരക മോചിതരിൽ അല്ലാഹു നമ്മെയും ചേർക്കട്ടെ.