Connect with us

ആത്മായനം

നല്ല മനുഷ്യനിലേക്കുള്ള ഊടുവഴികൾ

സഹൃദയരേ, തെറ്റിന്റെ കാഠിന്യത്തിൽ പല തട്ടിലുള്ള എല്ലാവരോടുമുള്ള അല്ലാഹുവിന്റെ നിലപാട് സംശുദ്ധമായ ജീവിതത്തിന് നിങ്ങൾക്കും അവസരമുണ്ട് എന്നതാണ്. അഥവാ അല്ലാഹു എല്ലാവരെയും വിളിക്കുന്നത് പാപ മോചനത്തിലേക്കും അതേ തുടർന്ന് സ്വർഗത്തിലേക്കുമാണ്. തെറ്റുകളോർത്ത് ടെൻഷനടിച്ച് മനസ്സിനും ശരീരത്തിനും അമിതഭാരം കൊടുത്ത് ശേഷിക്കുന്ന കാലവും ശോഷിച്ച് തീരാൻ വിടാനേ പാടില്ല. അതീവ ഗുരുതരമായ തെറ്റുകൾ ചെയ്തവരിൽ പലരുടെയും വിശുദ്ധ ജീവിതത്തിലേക്കുള്ള തിരിച്ച് നടത്തങ്ങൾ ചരിത്രത്തിലുണ്ട്.

Published

|

Last Updated

ബദ്ധങ്ങൾ പിണയുകയെന്നത് മനുഷ്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്നതാണ്. രക്തമൊഴുകുന്നിടത്തെല്ലാം പിശാചിന്റെ സാന്നിധ്യമുണ്ടായിരിക്കെ തെറ്റിനോടുള്ള അഭിനിവേശം നമ്മെ വിടാതെ പിന്തുടരും.

അങ്ങനെ കരുതി തെറ്റ് ചെയ്യൽ ഗുരുതരമല്ലെന്നല്ല, ഒരിക്കലും തെറ്റ് ചെയ്യാനുള്ള ന്യായീകരണമായി അതിനെ കാണുകയുമരുത്. മനുഷ്യരുടെ ദൗർബല്യങ്ങൾ കൂടി പരിഗണിച്ചാണ് അല്ലാഹു അവർക്കുള്ള വിധിവിലക്കുകൾ നിർദേശിച്ചിട്ടുള്ളത്. അവൻ ഒരാളോടും അവർക്ക് താങ്ങാവുന്നതിലപ്പുറം കൽപ്പിച്ചിട്ടില്ല. (ബഖറ 286 )

ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അനാഛാദനം ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. നമുക്ക് മുമ്പിൽ നിർണയിക്കപ്പെട്ട ആ സീമകൾ ലംഘിക്കാവതല്ല. ലംഘിക്കുന്നവർ ശിക്ഷാർഹരാണ്. പക്ഷേ, കരുണാർദ്രമായ വിശേഷണങ്ങളുടെ ഉടമയായ അല്ലാഹു ഏത് വലിയ തെറ്റുകാർക്കും തെളിവും തികവുമുള്ള നല്ല ജീവിതത്തിന് നിരന്തരം അവസരമൊരുക്കുന്നുണ്ട്. ജീവിതത്തെ റീബൂട്ട് ചെയ്യാനുള്ള അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തിയവരാണ് വിജയികൾ.
അതി ഭീകരമായ കുറ്റങ്ങൾ ചെയ്ത എത്ര പേരാണ് അറയ്ക്കുന്ന കാലുഷ്യങ്ങളിൽ നിന്ന് വിശ്വാസ വിശുദ്ധിയിലേക്ക് തിരിച്ചു നടന്നത് ! അങ്ങനെ ചരിത്രത്തിൽ അടയാളപ്പെട്ട നിരവധി പേരുണ്ട്, നോക്കൂ, നമ്മൾ പല കോലക്കാരല്ലേ? തെറ്റുകൾ എത്ര പെരുകിയാലും അതേ കുറിച്ച് തരിമ്പ് ഭയമോ വേവലാതിയോ ഇല്ലാത്തവരായി ചിലർ; മാത്രമല്ല ചിലപ്പോൾ അവരതിനെ ന്യായീകരിക്കുക വരെ ചെയ്യും, ചെകുത്താൻ സേനക്കാർ, കരിമ്പാറ ഹൃദയരാണവർ (കരിമ്പാറകളിൽ പലതും തെളിനീർ കിനിക്കാറുണ്ട്, ഇവരോ അതിനെക്കാൾ കടുത്തു പോയവരാണെന്ന് ഖുർആൻ തന്നെ ഇത്തരക്കാരെ വിമർശിച്ചിട്ടുണ്ട് )

മറ്റു ചിലർ പെട്ടുപോവുകയാണ്. മാനസിക അസന്തുലിതത്വം, സാമ്പത്തിക പരാധീനത, പശ്ചാത്തല സമ്മർദം തുടങ്ങി നിരവധി കാരണങ്ങളുടെ അടിമകളായാണ് അവർ തെറ്റിലേക്ക് നയിക്കപ്പെടുന്നത്.

ചിലർ ആകസ്മികമായി ചെയ്ത് പോകുന്നതാണ്. മറ്റു ചിലർ തെറ്റാണെന്ന ബോധമില്ലാതെ അബദ്ധം പിണയുന്നവരാണ്. ചിലർ ഗുരുതരമല്ലെങ്കിലും അനഭിലഷണീയമല്ലാത്തത് (കറാഹത്ത് / ഖിലാഫുൽ ഔല) നിരന്തരം ചെയ്യുന്നവരാണ്. അങ്ങനെ പലതോതിൽ തെറ്റു ചെയ്യുന്നവരാണ് നമുക്കിടയിൽ കഴിയുന്നത്.

സഹൃദയരേ, തെറ്റിന്റെ കാഠിന്യത്തിൽ പല തട്ടിലുള്ള എല്ലാവരോടുമുള്ള അല്ലാഹുവിന്റെ നിലപാട് സംശുദ്ധമായ ജീവിതത്തിന് നിങ്ങൾക്കും അവസരമുണ്ട് എന്നതാണ്. അഥവാ അല്ലാഹു എല്ലാവരെയും വിളിക്കുന്നത് പാപ മോചനത്തിലേക്കും അതേ തുടർന്ന് സ്വർഗത്തിലേക്കുമാണ്. തെറ്റുകളോർത്ത് ടെൻഷനടിച്ച് മനസ്സിനും ശരീരത്തിനും അമിതഭാരം കൊടുത്ത് ശേഷിക്കുന്ന കാലവും ശോഷിച്ച് തീരാൻ വിടാനേ പാടില്ല. അതീവ ഗുരുതരമായ തെറ്റുകൾ ചെയ്തവരിൽ പലരുടെയും വിശുദ്ധ ജീവിതത്തിലേക്കുള്ള തിരിച്ച് നടത്തങ്ങൾ ചരിത്രത്തിലുണ്ട്.

കാലങ്ങളോളം പെരുംകൊള്ള നടത്തി ആളുകളുടെ സമ്പത്ത് അന്യായമായി അപഹരിച്ചിരുന്ന ഫുളൈൽ എന്ന സമർഖന്ദിന്റെ പേടിസ്വപ്നം, ചരിത്രമൊരിക്കലും മറക്കാത്ത ഫുളൈൽ ബ്നു ഇയാള്(റ) എന്ന സ്വൂഫീവര്യനിലേക്കെത്തിയത് അങ്ങനെയാണ്. സൂറ: ഹദീദിന്റെ വചനങ്ങൾ മഹാനവർകളെ തിരുത്തുകയായിരുന്നു. ഇസ്ഹാഖുബ്നു ഇബ്റാഹിമു ത്വബരിയും (റ) മിഹ്റാനുബ്നു അബ്ദുൽ അസദും (റ) ഫുളൈൽ (റ) ന്റെ കണ്ണീരിൽ കുതിർന്ന പ്രാർഥനകളുടെ ദൃക്സാക്ഷ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ നാഥനോട് പാപമോചനത്തിനായി പ്രാർഥിക്കുക. പശ്ചാത്തപിക്കുക. നിശ്ചയം എന്റെ നാഥൻ കരുണാവാരിധിയാണ്, ഏറെ സ്നേഹിക്കുന്നവനാണ് (വിശുദ്ധ ഖുർആൻ 11 / 90) എന്ന ശുഐബ് നബി(അ)യുടെ നിർദേശം ശ്രദ്ധേയമാണ്. ഗുരുതരമായ തെറ്റു സംഭവിച്ചവരോട് പോലും
“അവർ അല്ലാഹുവിനോട് പശ്ചാതപിക്കുകയും പാപമോചനത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നില്ലേ. അല്ലാഹു ഏറെ പൊറുക്കുന്നവനും മഹാകാര്യണ്യവാനുമാണ് ‘ (5 / 74) എന്ന് ഖുർആൻ ഓർമപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാൽ പൊറുക്കലിന്റെ പ്രവിശാലമായ വാതായനങ്ങളാണ് നമുക്ക് മുന്നിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത്. അത് കൊണ്ട് തൗബക്കൊരുങ്ങിയേ പറ്റൂ.
“ഉത്വ് ലുബ് മതാബൻ
ബിന്നദാമത്തി മുഖ്ലിഅൻ’
എന്ന് തുടങ്ങുന്ന അദ്കിയയുടെ വരികൾ തൗബയുടെ പ്രായോഗിക രീതിയെ പഠിപ്പിക്കുന്നുണ്ട്.

  1. ചെയ്ത പാപങ്ങളോർത്ത് ഹൃദയം വിങ്ങിപ്പൊട്ടണം
  2.  തെറ്റുകൾക്ക് പൂർണ വിരാമമിടണം
  3.  പിഴക്കാത്ത ഭാവിയെ ഹൃദയത്തിൽ ദൃഢപ്പെടുത്തണം
  4. സഹജീവികളോടുള്ള സർവ ബാധ്യതകളിൽ നിന്നും മുക്തനാകണം. ഇത്രയുമാകുമ്പോഴാണ് ഒരാളിലെ തൗബ പൂർത്തിയാവുന്നത്.

നമ്മൾ പല നേരങ്ങളിൽ തൗബ ചെയ്തിട്ടുണ്ട്. പക്ഷേ, വീണ്ടും വഴുതിവീണു പോവുന്നു. എന്ത് കൊണ്ടായിരിക്കും ഇതു സംഭവിക്കുന്നത്?
ആ ആശങ്കയുടെ കാരണം എന്നെപ്പോലെ നിങ്ങൾക്കുമറിയാം. നമ്മുടെ അശ്രദ്ധ കൊണ്ടു തന്നെയാണത് സംഭവിക്കുന്നത്. ജാഗ്രതയിൽ നിന്നും നമ്മുടെ ചരടറ്റു പോവുമ്പോൾ സംഭവിക്കുന്നതാണത്. പൂർണ ശ്രദ്ധ നാമോരോരുത്തർക്കും ഉണ്ടായാൽ വിശുദ്ധ ജീവിതത്തിന്റെ വഴി എളുപ്പമാകും. അല്ലാഹു നമ്മെ സഹായിക്കട്ടെ; നമുക്ക് സാധ്യമാവുന്ന ചില നിയന്ത്രണങ്ങളെ കുറിച്ച് പറയാം

  1.  തെറ്റിന്റെ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക.
    പലപ്പോഴും കാഴ്ചയും കേൾവിയും ആലോചനകളുമാണ് തെറ്റിലേക്കുള്ള വാതിൽ പഴുതാവാറുള്ളത്. ത്രസിപ്പിക്കുന്ന കാഴ്ചയായോ ആവേശം കൊള്ളിക്കുന്ന ശബ്ദമായോ ആഹ്ലാദിപ്പിക്കുന്ന വിചാരമായോ നമുക്ക് മുമ്പിൽ അത് നൃത്തം ചവിട്ടും. പുതിയ കാലത്ത് സാധാരണ അങ്ങാടിയെക്കാൾ പ്രശ്നം ടെക്നിക്കൽ അങ്ങാടികളാണ്. ടെക്നോളജി വ്യാപനം നമ്മുടെ കൈവെള്ളയിൽ ചുവന്ന തെരുവുകളെ വരെ ഉണ്ടാക്കുന്നു. അങ്ങാടികൾ പിശാചിന്റെ കേന്ദ്രമാണെന്നും അവിടുത്തേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ കാവൽ തേടണമെന്നും അമിത നേരം അവിടെ ചെലവഴിക്കരുതെന്നും പറഞ്ഞ പ്രവാചകാധ്യാപനത്തിന്റെ വൃത്തത്തിനുള്ളിൽ പെട്ടതത്രേ വിർച്വൽ അങ്ങാടികളും. വേണ്ടതും വേണ്ടാത്തതും കച്ചവടം നടത്തുകയും പ്രദർശിപ്പിക്കുകയും ആഭാസങ്ങളും വിവരക്കേടുകളും വിപണനം നടത്തുകയും ചെയ്യുന്ന ഈ തെരുവുകളിൽ കരുതലോടെ മാത്രമേ കയറിയിറങ്ങാവൂ. അമിത നേരം നിൽക്കാനൊക്കാത്ത ഇടമാണത്. ഒരു സിനിമ/അശ്ലീല ചിത്രം കണ്ടേക്കാമെന്ന് , ഒരു മ്യൂസിക്കൽ സോംഗ് കേട്ടേക്കാമെന്ന്, നമ്മുടെ ആലോചന പരിധി വിടുന്ന നേരത്ത് കൈയിലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യലാണ് ആ സാഹചര്യത്തിൽ നിന്നുള്ള മാറി നിൽക്കൽ.
  2. ആത്മനിയന്ത്രണം
    സംഗീതോപകരണത്തിന്റെ നേരിയ ശബ്ദം പോലും കേൾക്കാതിരിക്കാൻ വിരലുകൾ ചെവിയിൽ തിരുകിയ, അനാവശ്യം ഉരിയാടാതിരിക്കാൻ വായിൽ കല്ലു നിറച്ച,വേണ്ടാത്തത് കണ്ണിൽ തറക്കാതിരിക്കാൻ കൺ താഴ്ത്തി നടന്ന പൂർവസ്വൂരിളുടെ ജീവിതത്തിലെ നിയന്ത്രണ മാതൃകകൾ തന്നെയാണ് നമുക്കും പുണരാനുള്ളത്. നോക്കാൻ കൊള്ളാത്ത പരസ്യ ബോർഡുകളും പോസ്റ്ററുകളും കേൾക്കാൻ കൊള്ളാത്ത പാട്ടും കൂത്തരങ്ങുകളും നിറഞ്ഞ കവലകൾ നമ്മെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളെ… ജാഗ്രതൈ; കൺ താഴ്ത്തിയിടുക, ചെവിയടച്ചു വെക്കുക. ഹിജാബടക്കമുള്ള സുരക്ഷിത വസ്ത്രധാരണക്കെതിരെ ശബ്ദിക്കുന്ന, സ്വതന്ത്ര ലൈംഗികതക്ക് മുറവിളി കൂട്ടുന്ന സാമൂഹികാന്തരീക്ഷമാണല്ലോ നമുക്ക് ചുറ്റുമുള്ളത്. തീക്കനൽ കൈ വെള്ളയിലെരിയുന്നതിനേക്കാൾ കഠിനമായിരിക്കും വിശ്വാസം നിത്യനിഷ്ഠയാക്കിയവരുടെ ഭൗതിക ജീവിതമെന്ന് തിരുനബി (സ) നേരത്തെ അറിയിച്ചതാണല്ലോ. പ്രലോഭിപ്പിക്കുന്ന സാമ്പത്തിക രംഗങ്ങളും വശീകരിക്കുന്ന ഇസങ്ങളും വിശ്വാസ ജീവിതത്തിന്റെ കഴുത്ത് ഞെരിച്ചു കൊണ്ടേയിരിക്കും.
  3. സൽകർമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കാതിരിക്കുക.
    ക്രിയാത്മകമായ പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞിരിക്കുമ്പോഴാണ് തെറ്റിന്റെ കനലെരിയുന്നത്. ഒഴിവുവേളകളെന്നത് ചതിക്കുഴിയിലകപ്പെടുത്തുന്ന അനുഗ്രഹമാണെന്ന് തിരുനബി(സ) ഓർമപ്പെടുത്തിയതുമാണ്. കാര്യമായൊന്നും ചെയ്യാനില്ലാത്ത നേരത്ത് (വിട പറയും മുമ്പേ പിടിപ്പത് ചെയ്യാനുള്ള വിശ്വാസിയുടെ ജീവിതത്തിൽ അങ്ങനെയൊന്ന് ഉണ്ടാവാൻ തരമില്ല , എന്നാലും) നമ്മൾ പുതിയ പണിയുണ്ടാക്കണം.
    ഉചിതമായൊരു ടൈം പാസ് ആവശ്യമുള്ളവന് ഖുർആൻ തന്നെ ധാരാളമെന്ന് തിരുനബി(സ) പറഞ്ഞതാണ്. മുത് ലഖായ സുന്നത്ത് നിസ്കരിക്കാം, ഒത്തിരി സ്വലാത്ത് ചൊല്ലാം, അല്ലെങ്കിൽ നല്ലൊരു പുസ്തകം വായിക്കാം, വീട്ടിലെ/ ഓഫീസിലെ ഒരിടം വൃത്തിയാക്കാം, കൃഷിയിടത്തിലിറങ്ങാം, നല്ലൊരു പ്രഭാഷണം / പാട്ട് കേൾക്കാം, സ്വന്തം റൂമിനെ പെർഫെക്ടായി ക്രമീകരിക്കാം, ഭാവിയിലെ ഒരു പ്രൊജക്ട് ആലോചിക്കാം, നല്ലൊരു ഭക്ഷണം പാചകം ചെയ്യാം അങ്ങനെ തുടങ്ങി ക്രിയാത്മകമായ ഏതെങ്കിലും കാര്യവുമായി ഇടപെട്ടുകൊണ്ടിരുന്നാൽ (ഒരേ പ്രവർത്തനത്തിൽ നിന്ന് മാറി വൈവിധ്യങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത് ) തെറ്റായ കാര്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കാൻ ഒരു പരിധി വരെ കഴിഞ്ഞേക്കും. തെറ്റ് സംഭവിച്ചാൽ സ്വഹാബികൾ പശ്ചാത്തപിക്കുകയും പ്രത്യേക സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യാറുണ്ടായിരുന്നു. കഅബു ബ്നു മാലിക് (റ) പശ്ചാത്തപിച്ച ശേഷം തന്റെ സമ്പത്തിന്റെ സിംഹഭാഗവും ദാനം ചെയ്തതും അബുലുബാബ പശ്ചാതാപത്തിനു ശേഷം സമ്പത്ത് മുഴുക്കെ സംഭാവന കൊടുത്തതും ചരിത്രത്തിലുണ്ട്. നന്മകൾ തിന്മകളെ ഇല്ലായ്മ ചെയ്യുന്നു എന്ന് ഖുർആൻ വ്യക്തമാക്കിയതുമാണ്.
  4. ഒറ്റപ്പെടൽ ഒഴിവാക്കുക.
    ഒറ്റപ്പെടുന്നവനെ ചെന്നായ പിടിക്കുമെന്നതാണ് സത്യം. എന്നാൽ സ്വസ്ഥമായ ദൈവിക സ്മരണക്കും ആരാധനകൾക്കും വേണ്ടി ജനങ്ങളിൽ നിന്നകന്ന് ഏകാന്തതയെ തിരഞ്ഞെടുത്ത മഹത്തുക്കളുമുണ്ട്. അതിശക്തമായ ആത്മനിയന്ത്രണമുള്ളവരാണവർ. അല്ലാഹു മനുഷ്യ ബലഹീനതയെ മറികടക്കാനുതകുന്ന പ്രത്യേക കഴിവ് അവർക്ക് നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ഏകാന്തവാസം നയിക്കുന്ന പണ്ഡിതനെക്കാൾ റബ്ബിനിഷ്ടം ജനക്കൂട്ടത്തിനിടയിൽ പ്രവർത്തിക്കുന്ന പണ്ഡിതനെയാണുതാനും. വ്യക്തിവിശുദ്ധിയോടൊപ്പം സാമൂഹികവിശുദ്ധി കൂടി അവർ ഏറ്റെടുക്കുന്നു എന്നതാണവരുടെ മേന്മ. അതീവ ജാഗ്രത പാലിക്കേണ്ട സമയമായി പൂർവ സ്വൂരികൾ പറഞ്ഞത് നീയും നിന്റെ റബ്ബും മാത്രമുണ്ടാവുന്ന നേരത്താണെന്നാണ്. അഥവാ നീ ഒറ്റക്കാണെന്നും ആരും നിരീക്ഷിക്കാൻ വരില്ലെന്നുമുള്ള വികല ധാരണയുടെ നേരത്താണ് കതകടച്ച് തെറ്റ് ചെയ്യാൻ പിശാച് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ആൾക്കൂട്ടത്തിനിടയിലാവുമ്പോൾ അത്തരം അബദ്ധങ്ങളിൽ ചെന്നു ചാടില്ല. സംഘടനാ പ്രവർത്തനങ്ങളിലും മറ്റു ജന സേവന പ്രവർത്തനങ്ങളിലും സ്ഥിരം സാന്നിധ്യമായാൽ നല്ല ശീലങ്ങളിലേക്കും നല്ല വിചാരങ്ങളുടെ വികാസത്തിലേക്കും എളുപ്പത്തിൽ പാലം പണിയാൻ കഴിയും. അവിടെയും നല്ല കൂട്ടുകെട്ടുകളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. തിരഞ്ഞെടുപ്പ് പിഴച്ചാൽ വേലിയിലിരിക്കുന്ന പാമ്പിനെ കഴുത്തിൽ ചുറ്റിയ പോലെ വലിയ ദുരന്തമാവും നമ്മൾ ക്ഷണിച്ചു വരുത്തുക. നല്ല പുതിയ സൗഹൃദങ്ങൾ വികസിപ്പിക്കുന്നത് നമ്മുടെ വളർച്ചയെ ഗുണകരമായി സ്വാധീനിക്കും. തെറ്റുകാരോടൊപ്പം ഇരിക്കരുത്. അവനു മേലിറങ്ങുന്ന ദൈവികാതൃപ്തികൾ നമുക്കുമേറ്റേക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും.
  5. റൂം / ഓഫീസ് സജ്ജീകരണം.
    വൃത്തിഹീനമായ പശ്ചാത്തലം മടി വരുത്താനും തെറ്റായ ആലോചനകൾക്കും വഴി വെക്കും. വൃത്തിയില്ലാത്തയിടമാണല്ലോ പിശാചിനു പ്രിയം. ചന്തകളിലും ശൗചാലയങ്ങളിലും കൂടുതൽ സമയമിരിക്കരുതെന്നും പിശാചിനെ തൊട്ട് കാവലിനെ തേടണമെന്നുമാണല്ലോ നമ്മെ പഠിപ്പിക്കപ്പെട്ടത്.
    നാം ഇടപെടുന്ന സ്ഥലങ്ങൾ മാലിന്യങ്ങളിൽ നിന്നും ദുർഗന്ധങ്ങളിൽ നിന്നും മുക്തമാവണം. വസ്തുക്കൾ അടുക്കും ചിട്ടയിലുമായിരിക്കണം. (നിസ്്കാരത്തിൽ നാം പുലർത്തുന്ന അടുക്കും ചിട്ടയും പിശാചിനെതിരെയുള്ള കരു നീക്കം കൂടിയാണ് ) പ്രചോദിപ്പിക്കുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ നമ്മൾ സ്ഥിരമായി നോക്കുന്നിടത്ത് സംവിധാനിക്കണം. ഖുർആൻ, തസ്ബീഹ് മാല, നല്ല പുസ്തകങ്ങൾ പോലൊത്ത വസ്തുക്കൾ സ്ഥിരമായി ഉപയോഗപ്പെടുത്താൻ പാകത്തിൽ സമീപത്തു തന്നെ ഒരുക്കി വെക്കണം.
  6. നമ്മുടെ ഇഷ്ടവും ദേഷ്യവും
    അല്ലാഹുവിന്റെ മാർഗത്തിലാണ് നമ്മുടെ ഇഷ്ടവും ദേഷ്യവും രൂപപ്പെടുത്തേണ്ടത്. തെറ്റ് എത്ര നിസാരമാണെങ്കിലും അതിനെ ഗുരുതരമായി സമീപിക്കുകയും ദേഷ്യം വെക്കുകയും വേണം. നന്മകൾ എത്ര ചെറുതാണെങ്കിലും അതിനെ മഹത്വപൂർവം കാണണം.
  7.  ഡയറിയെഴുത്ത്
    ഓരോ ദിവസം പ്രധാനമായി ചെയ്ത കാര്യങ്ങൾ എഴുതി വെച്ചാൽ വരും ദിനങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ഇന്നും ഇന്നലെയും ഒരുപോലെയാകുമ്പോൾ അത് ജീവിത പരാജയത്തെയാണ് കാണിക്കുക. ഇന്നത്തെക്കാൾ മികച്ച നാളെയെയുണ്ടാകാൻ ഡയറിയെഴുത്തിനെ ക്രിയേറ്റിവായി ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കും. എഴുതുന്നത് അഹംഭാവത്തിനോ പ്രദർശനപരതക്കു വേണ്ടിയോ കളവ് എഴുതി നിറക്കാനോ ആവരുത് . സ്വന്തം വളർച്ച മാത്രമാണ് ലക്ഷ്യമിടേണ്ടത്. ഡയറി പ്രൈവസിയോടെ സൂക്ഷിച്ചു വെക്കുന്നതാണ് നല്ലത്.
  8. ശീലങ്ങളുടെ ചാർട്ട്
    പോസിറ്റീവും നെഗറ്റീവുമായി ജീവിതത്തിൽ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ വിശദമായി ലിസ്റ്റ് ചെയ്യണം. അതിനുള്ളതാണ് ശീലങ്ങളുടെ ചാർട്ട്. ദിനേന നെഗറ്റീവുകളോരോന്ന് ജീവിതത്തിൽ നിന്നും വെട്ടിമാറ്റുകയും നന്മകളോരൊന്ന് മെച്ചപ്പെടുത്തി കൊണ്ടുവരികയും ചെയ്യുക. പോസിറ്റീവ് ലിസ്റ്റിൽ പുതിയ നല്ല ശീലങ്ങൾ ചേർക്കാനും ശ്രദ്ധയുണ്ടാകണം. ഈ പരീക്ഷണം നമ്മുടെ ലക്ഷ്യങ്ങളെ സാർഥമാക്കുന്ന തരത്തിൽ നല്ല ഫലം നൽകിയിരിക്കും.
  9. മരണ വിചാരം
    ബഹുമാനപ്പെട്ട ഉമർ (റ) മരണമോർമിപ്പിക്കാൻ കൂലി കൊടുത്ത് ആളെ നിർത്തിയിരുന്നുവല്ലോ. മരണ വിചാരത്തിന്റെ ദൗർലഭ്യതയാണ് പലപ്പോഴും തെറ്റ് ചെയ്യാൻ നമ്മെ സന്നദ്ധമാക്കുന്നത്. ഒരു പക്ഷേ ഇതായിരിക്കുമെന്റെ അവസാന നിമിഷമെന്ന ബോധമുള്ള ആർക്കാണ് തെറ്റായത് ചെയ്യാൻ തോന്നുക?!
  10. പെരുമാറ്റം
    നല്ല പെരുമാറ്റം ഹൃദയ വിശുദ്ധിയുടെ അടയാളമാണ്. സഹജീവികളോടുള്ള ഇടപെടലുകൾ മുഖപ്രസന്നയോടെയും സന്തോഷപൂർവവുമാകുമ്പോൾ തെറ്റായ ആലോചനകളിൽ നിന്ന് ഹൃദയം വിമലീകരിക്കപ്പെടും. ഹൃദ്യമായൊരു പുഞ്ചിരി, മനസ്സറിഞ്ഞ സലാം, മധുരതരമായ സംസാരം എല്ലാം നമ്മിലെ തെറ്റിന്റെ തോത് കുറച്ച് കൊണ്ടുവരും. വീർപ്പിച്ച മുഖവും അടഞ്ഞ സ്വഭാവവും വെറുപ്പിക്കുന്ന സംസാരങ്ങളും ഹൃദയം കടുപ്പിക്കും. അത്തരക്കാരെ വലയിലാക്കാൻ പിശാചിന് എളുപ്പമാണ്.
  11.  കൃത്യനിഷ്ഠത
    സമയബോധമില്ലാത്തവർക്ക് സ്വന്തത്തെ കുറിച്ചോ ജീവിത ലക്ഷ്യത്തെ കുറിച്ചോ ക്രിയാത്മകമായ ആലോചന ഒട്ടുമുണ്ടാവില്ല. അബദ്ധങ്ങൾ സംഭവിക്കുന്നത് അവർ നിസ്സാരമായെ കാണുകയുള്ളൂ. തെറ്റുകൾ ചെയ്യുന്നതിൽ അവർക്ക് പരിതാപമുണ്ടാവില്ല. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയും സമയനിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യുന്നവരുടെ ജീവിതത്തിന് ആളും അർഥവുമുണ്ടാവും. അവർക്ക് തെറ്റ് ചെയ്യുന്നതിനെ തൊട്ട് അതിജാഗ്രതയുമുണ്ടാവും. നാളെ ചെയ്യാനുള്ള കാര്യങ്ങൾ ഒരു തുണ്ട് കടലാസിൽ കുറിച്ച് വെച്ച് തലയിണക്കടുത്ത് സൂക്ഷിക്കുന്നതും ഉണരുമ്പോൾ തന്നെ അത് നോക്കി അത് പൂർത്തീകരിക്കുന്നതിനേ കുറിച്ച് ധാരണയുണ്ടാക്കുന്നതും ഏറെ നന്നാവും. ഒഴിവുവേളകളെ പോലും ഉപയോഗപ്പെടുത്തുന്ന വിധമാവണം ലിസ്റ്റ് തയ്യാറാക്കേണ്ടത്.
  12.  ഭക്ഷണ നിയന്ത്രണം.
    ഭക്ഷണം മനുഷ്യന്റെ വൈകാരികാവസ്ഥകളെ സ്വാധീനിക്കും. അമിത ഭോജനം മടി പിടിപ്പിക്കും. തെറ്റായ വികാരങ്ങളെ ഉത്തേജിപ്പിക്കും. മിതഭോജനമാണ് എല്ലാവർക്കും അഭികാമ്യം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനാവശ്യമുള്ള ഭക്ഷണമേ കഴിക്കേണ്ടതുള്ളൂ. ഏറിയാൽ വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും മറ്റൊരു ഭാഗം ഒഴിഞ്ഞുമിരിക്കണം. അത് വൈകാരിക ഹോർമോണുകളുടെ സന്തുലിതമായ പ്രവർത്തനത്തെ സഹായിക്കും. തെറ്റിനോടുള്ള ശാരീരിക ചോദനം ഒരു പരിധി വരെ ഇങ്ങനെ നിയന്ത്രിക്കാൻ കഴിഞ്ഞേക്കും. നന്മകളോട് മടുപ്പുണ്ടാക്കുകയെന്നത് പൈശാചിക പ്രവർത്തനമാണ്. ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങൾ ഉണ്ടാവരുത്. അന്യായമായതൊന്നും അകത്ത് കടത്തരുത്. ഹലാലോ ഹറാമോ എന്ന് സംശയാസ്പദമായ ഭക്ഷ്യ പദാർഥങ്ങൾ തൊടരുത്. നമ്മുടെ രക്തം മലിനമാക്കുന്നവയൊന്നും തൊടാതിരിക്കുന്നതാണല്ലോ നല്ലത്. മാതാപിതാക്കൾ അന്യായമായി കഴിച്ച ഭക്ഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടേണ്ടി വന്ന മക്കളുടെ സംഭവങ്ങൾ പോലും ചരിത്രത്തിലുണ്ട്.
    ഒതുക്കിപ്പറഞ്ഞാൽ തെറ്റില്ലാത്ത ജീവിതം എന്നത് മരീചികയൊന്നുമല്ല. നമ്മളൊരുക്കമായിരിക്കുകയെന്നതാണ് പ്രധാനം. ജാഗ്രതയിൽ ജീവിച്ച് തുടങ്ങിയാൽ അല്ലാഹു നമ്മെ കൂടുതൽ സഹായിക്കും. ജീവിതത്തിലെ ചലന നിശ്ചലങ്ങളിലെല്ലാം അശ്രദ്ധതയില്ലാതെ മുന്നോട്ട് പോവാൻ ശീലിക്കണം. നമ്മളിനി അതിനുള്ള ഗൃഹപാഠത്തിലാവട്ടെ.നല്ല ജീവിതത്തിലേക്കുള്ള ദൂരം അകലെയൊന്നുമല്ല; ദാ… അടുത്ത് തന്നെയുണ്ട്.
---- facebook comment plugin here -----

Latest