Connect with us

Articles

ഡിജിറ്റല്‍ സാക്ഷരരല്ല നാം

2021ല്‍ 4.52 ലക്ഷവും 2022ല്‍ 9.66 ലക്ഷവും 2023ല്‍ 15.56 ലക്ഷവുമായിരുന്നു സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പോലീസിന് ലഭിച്ച പരാതികളുടെ എണ്ണമെങ്കില്‍ 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസത്തിനുള്ളില്‍ 7.4 ലക്ഷം പരാതികള്‍ ലഭിച്ചു. ഇതിനകം സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 3.25 ലക്ഷം വ്യാജ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ആറ് ലക്ഷം മൊബൈല്‍ നമ്പറുകളും എഴുനൂറിലേറെ മൊബൈല്‍ ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യുകയുമുണ്ടായി.

Published

|

Last Updated

അതിദ്രുത വികാസം നേടിക്കഴിഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യ ജീവിതത്തെ കൂടുതല്‍ സൗകര്യപ്രദമാക്കിയിട്ടുണ്ടെങ്കിലും സങ്കീര്‍ണ സാധ്യതകളുടെ വാതിലുകള്‍ അത് തുറന്നിടുന്നുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങള്‍ വെച്ച് പരിശോധിച്ച് നോക്കുമ്പോള്‍, സൈബര്‍ അടിമത്തത്തിന് തലമുറകള്‍ ഇരകളായി തീരുന്നത് ഇളം പ്രായത്തിലാണെന്ന് കാണാം. നേരത്തേ കമ്പ്യൂട്ടര്‍ ഗെയിമുകളിലും മറ്റും ഉണ്ടായിരുന്ന അഡിക്്ഷനാണ് കുട്ടികളെ ഏറെ ബാധിച്ചിരുന്നതെങ്കില്‍ ഇന്ന് അത് സൈബര്‍ ബുള്ളിയിംഗിലേക്ക് വരെ വിദ്യാര്‍ഥികളെ കൊണ്ടെത്തിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറാന്‍ വെമ്പുന്ന ഒരു യുവ സമൂഹത്തെയാണ് സൈബറിടത്തില്‍ കാണുന്നത്. പോണോഗ്രഫിയും ലഹരിയും അടക്കമുള്ള അപകടകരമായ ആസക്തികളുടെ ലോകങ്ങളായി സൈബര്‍ ഇടങ്ങള്‍ മാറുകയാണ്.

ഈ അടുത്ത് പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ലോക ജനസംഖ്യയിലെ 30 ശതമാനം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ അഡിക്്ഷനുകള്‍ക്ക് വിധേയരാണ്. സൈബര്‍ ലോകത്ത് അനിയന്ത്രിതമായി ഇടപെടുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക നിലയെ പലതരത്തിലാണ് ബാധിക്കുന്നത്. സൈബര്‍ അഡിക്ഷന്‍ കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും സാരമായി പോറലേല്‍പ്പിക്കുന്നുണ്ട്. കൗമാരക്കാരില്‍ വിഷാദം, അമിത ഉത്കണ്ഠ, ആത്മഹത്യാ പ്രവണത തുടങ്ങിയവ സൈബര്‍ അഡിക് ഷന്റെ സംഭാവനകളാണ്. തലമുറയെ ആത്മഹത്യയിലേക്കും നിരാശയിലേക്കും ഒറ്റപ്പെടലിലേക്കും സാമൂഹിക പകപോക്കലുകളിലേക്കും കൊണ്ടെത്തിക്കുന്നതിന്റെ പിറകിലെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി സൈബര്‍ അടിമത്തം മാറിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ മാനസികാരോഗ്യ വിദഗ്ധരും ക്രിമിനോളജിസ്റ്റുകളും സാക്ഷ്യം പറയുന്നത്.

ഒരു നിമിഷത്തെ അശ്രദ്ധ കാരണം സൈബര്‍ ലോകത്ത് ഇരകളോ പ്രതികളോ ആകുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ഷാന്തം വന്‍ തോതില്‍ വര്‍ധിച്ചുവരികയാണ്. 2021ല്‍ 4.52 ലക്ഷവും 2022ല്‍ 9.66 ലക്ഷവും 2023ല്‍ 15.56 ലക്ഷവുമായിരുന്നു സൈബര്‍ തട്ടിപ്പ് സംബന്ധിച്ച് പോലീസിന് ലഭിച്ച പരാതികളുടെ എണ്ണമെങ്കില്‍ 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസത്തിനുള്ളില്‍ 7.4 ലക്ഷം പരാതികള്‍ ലഭിച്ചു. ഇതിനകം സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 3.25 ലക്ഷം വ്യാജ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ആറ് ലക്ഷം മൊബൈല്‍ നമ്പറുകളും എഴുനൂറിലേറെ മൊബൈല്‍ ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മാത്രം 41,394 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് നടന്നത്. 2024ലെ ആദ്യ ആറ് മാസങ്ങളില്‍ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നഷ്ടമായത് 11,000 കോടി രൂപയോളമാണ്.

നിയമപാലകരുടെയോ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെയോ വേഷമിട്ട് ഓഡിയോ/ വീഡിയോ കോളുകള്‍ വഴി ആളുകളെ ഭീഷണിപ്പെടുത്തി അറസ്റ്റെന്ന വ്യാജേന ഡിജിറ്റലില്‍ ബന്ദിയാക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. സാമ്പത്തിക- ലൈംഗിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇരകള്‍ക്കെതിരെ ആരോപിക്കുന്നത്. ആരോപണം സ്ഥിരീകരിക്കുന്ന വ്യാജ രേഖകളും ഇവര്‍ കാണിക്കും. അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളെ അനുകരിക്കുന്ന മുറികള്‍ സജ്ജീകരിച്ചായിരിക്കും പലപ്പോഴും ഇവര്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കൃത്രിമ രേഖകളും ഓഫീസുകളും സജ്ജീകരിക്കുക. ഇതൊക്കെ കാണുന്ന ഇരകള്‍ ആശങ്കയിലാകുക സ്വാഭാവികം. നിരപരാധികള്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞാലും രക്ഷപ്പെടില്ല. ഇരകളെ ദ്രുതഗതിയില്‍ തിരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തിലായിരിക്കും അവരുടെ ഇടപെടല്‍. വീഡിയോ കോള്‍ വഴി വരുന്ന ഭീഷണിയുടെ നിജസ്ഥിതി അന്വേഷിക്കാനും ചിന്തിക്കാനും ഇരകള്‍ക്ക് സമയം നല്‍കില്ല. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാനോ ജാമ്യം ലഭ്യമാക്കാനോ എന്ന പേരില്‍ സംഘം പണമോ അക്കൗണ്ടുകളുടെ വിശദാംശമോ ആവശ്യപ്പെടുന്നു. പണം ലഭിക്കുന്നത് വരെ ഇരയെ തട്ടിപ്പുസംഘം വീഡിയോ കോള്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചിരുത്തും. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോള്‍ മുഖേന ആരെയും അറസ്റ്റ് ചെയ്യാറില്ലെന്നും അത്തരം ഭീഷണികളില്‍ വഞ്ചിതരാകരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലതവണ വ്യക്തമാക്കിയിട്ടും പ്രൊഫസര്‍മാരും ഐ ടി പ്രൊഫഷനലുകളുമുള്‍പ്പെടെ നിരവധി പേര്‍ പിന്നെയും തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നു.
നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് സൈബര്‍ ക്രിമിനലുകള്‍ ഇരകളെ തേടി ഇന്റര്‍നെറ്റ് ലോകത്ത് വലവിരിക്കുന്നത്. ഇരകളെ വിശ്വസിപ്പിക്കാന്‍ വ്യാജമായ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഓഫീസിന്റെയോ പേരില്‍ പ്രത്യക്ഷപ്പെടാന്‍ ഇക്കൂട്ടര്‍ വിദഗ്ധരാണ്. സൈബര്‍ ഇടങ്ങളിലെ തട്ടിപ്പുകളിലൂടെ ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ലോകത്തുണ്ട് എന്നതും കൗതുകത്തോടെ നമ്മള്‍ തിരിച്ചറിയണം.

ഡിജിറ്റല്‍ സാക്ഷരതയുടെ പരിധിയില്‍ കേവലം കുട്ടികളോ അല്ലെങ്കില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ തലമുറയോ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന അധ്യാപകരും അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുമൊക്കെ കടന്നു വരേണ്ടതുണ്ട്. ചെറുപ്രായത്തില്‍ തന്നെ സിലബസുകളില്‍ കൃത്യമായി ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ സാക്ഷരതയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കേണ്ടതുണ്ട്. തലമുറകള്‍ക്ക് കൃത്യമായി അതിന്റെ ഗുണദോഷങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക, റീലുകള്‍ അല്ല റിയല്‍ ലൈഫ് എന്നും ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ ഉണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഗൈഡന്‍സുകള്‍ നല്‍കുക, ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം കുട്ടികള്‍ക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുക, സ്വകാര്യ വിവരങ്ങളും ബേങ്ക് ഡീറ്റെയില്‍സുകളും പരമാവധി പങ്കുവെക്കാതിരിക്കുക, ഏതെങ്കിലും തരത്തില്‍ ഹാക്ക് ചെയ്യപ്പെടുകയോ ഇരകളാക്കപ്പെടുകയോ ചെയ്യുന്നു എന്ന് തോന്നലുണ്ടായാല്‍ സ്വയം പ്രതിരോധത്തിലേക്കും നിയമ പരിരക്ഷകളിലേക്കും ചുവടു മാറാനുള്ള സാങ്കേതിക പക്വതയിലേക്ക് പുതുതലമുറയെ വളര്‍ത്തിയെടുക്കുക തുടങ്ങി ഡിജിറ്റല്‍ സാക്ഷരതയുടെ പരിധിയില്‍ വരുന്ന ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ലോകം കൈവെള്ളയിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അടിസ്ഥാന കാര്യങ്ങളിലെങ്കിലും അവബോധമുള്ള ഒരു തലമുറ വളര്‍ന്നുവരേണ്ടത് അനിവാര്യമാണ്.

 

Latest