Connect with us

Kerala

ഏത് നിമിഷവും അണയാവുന്ന തിരിനാളങ്ങളാണ് നമ്മള്‍

ഇബ്നു ഉമര്‍ പറയാറുണ്ടായിരുന്നു: 'രാവിലെയായാല്‍ നീ വൈകുന്നേരത്തെയോ വൈകുന്നേരമായാല്‍ രാവിലെയെയോ പ്രതീക്ഷിക്കരുത്.

Published

|

Last Updated

മയ്യിത്തെടുക്കാന്‍ പോവുകയാണ്. കട്ടില്‍ പൊക്കിയെടുത്ത് മുറ്റത്തേക്കിറക്കുന്നതിനിടെ വീടിന്റെ അകത്ത് നിന്ന് സ്ത്രീകളുടെ നിലവിളികളുയര്‍ന്നു…

എല്ലാവരും മയ്യിത്തിനെ അനുഗമിച്ചു. ഉറ്റവരും ഉടയവരും ശോകം അടക്കാനാകാതെ വിതുമ്പുന്നുണ്ട്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടക്കും വരെ കുഴപ്പങ്ങളൊന്നുമില്ലാത്ത പച്ച മനുഷ്യന്‍ രാവിലെ ഉണര്‍ന്നില്ല. പലതവണ ഉറക്കെ വിളിച്ചിട്ടും വിളികേട്ടില്ല. തട്ടിയിട്ടും ഉരുട്ടിയിട്ടും ഉണരാതെ കിടക്കുകയായിരുന്നു…

മരണവാര്‍ത്ത നാടാകെ പരന്നു. അറിഞ്ഞവര്‍ പലരും വന്ന് കണ്ട് പോയി. തിരക്കുള്ളവര്‍ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന മരണ വാര്‍ത്ത മെന്‍ഷന്‍ ചെയ്ത് ‘ഇന്നാലില്ലാഹി’ പറഞ്ഞു. കരയുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്ന ഇമോജികളിട്ടു. വലിയ തിരക്കില്ലാത്തവരാണ് ജനാസ അനുഗമിക്കാന്‍ നിന്നത്. പള്ളിയിലെത്തി നിസ്‌കാരം കഴിഞ്ഞയുടനെ കുറേ ക്കൂടി ആളുകള്‍ തിരക്കിട്ട് എങ്ങോട്ടോ പോയി. ബാക്കിയുള്ളവരാണ് ഖബറടക്കുന്നിടത്തേക്ക് വന്നത്. ചടങ്ങുകള്‍ കഴിഞ്ഞ് അവരും മടങ്ങി…

അനസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നു. മരിച്ചവരെ മൂന്നെണ്ണം അനുഗമിക്കും. അവന്റെ കുടുംബക്കാരും സന്പത്തും (അടിമകളെ സൂചിപ്പിച്ച് പറഞ്ഞത്) സത്കര്‍മങ്ങളുമാണത്. അതില്‍ രണ്ടെണ്ണം തിരിച്ച് പോരും. സന്പത്തും കുടുംബവുമാണ് തിരിച്ച് പോരുക. ഒന്ന് മാത്രം അവിടെ അവശേഷിക്കും. അവന്‍ ജീവിതത്തില്‍ ചെയ്ത സത്കര്‍മങ്ങള്‍ മാത്രമാണത്.

ശരീരത്തില്‍ നിന്ന് ആത്മാവ് പിരിയലോടെ മനുഷ്യന്‍ ഒന്നുമല്ലാതാകും. തര്‍ക്കിച്ചും തിരക്കിട്ടും സന്പാദിച്ച എല്ലാസന്പാദ്യത്തിന്റെയും സ്വത്തുക്കളുടെയും ആധിപത്യം നഷ്ടപ്പെടും. അതിനെല്ലാം പുതിയ അവകാശികളാകും. അവയൊന്നും പിന്നീടദ്ദേഹത്തിന്റേതല്ലാതാകും.

ഇബ്നു ഉമര്‍(റ)ന്റെ ചുമലില്‍ പിടിച്ച് നബി(സ) പറഞ്ഞ വാക്കുകള്‍ ചിന്തനീയമാണ്. ഐഹിക ലോകത്ത് നീ ഒരു വിദേശിയെപ്പോലെയോ വഴിയാത്രക്കാരനെ പോലെയോ കഴിയുക. ഇബ്നു ഉമര്‍ പറയാറുണ്ടായിരുന്നു: ‘രാവിലെയായാല്‍ നീ വൈകുന്നേരത്തെയോ വൈകുന്നേരമായാല്‍ രാവിലെയെയോ പ്രതീക്ഷിക്കരുത്. രോഗകാലത്തേക്ക് വേണ്ടത് ആരോഗ്യകാലത്തും മരണാനന്തര ജീവിതത്തിലേക്ക് വേണ്ടത് ഐഹിക ജീവിതത്തിലും നേടിയെടുക്കണം.’

മുഹമ്മദ് നബി (സ) ഒരിക്കല്‍ അങ്ങാടിയിലൂടെ നടന്നു പോവുകയായിരുന്നു. രണ്ട് വശങ്ങളിലും നിരവധി ആളുകളുണ്ട്. അവിടെ ഒരു ചത്ത ആട് കിടക്കുന്നുണ്ടായിരുന്നു. സാധാരണ ആടിനോളം വിലവരുന്ന ഒന്നായിരുന്നില്ല; കുറ്റിച്ചെവിയനായ ആടായിരുന്നു. നബി അതിന്റെ ചെവി പിടിച്ച് പൊക്കിക്കൊണ്ട് ചോദിച്ചു. ഒരു ദിര്‍ഹമിന് പകരമായി ഈ ആടിനെ വാങ്ങാന്‍ ആരെങ്കിലും തയ്യാറുണ്ടോ. അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു: ഒന്നിന് പകരമായും ഇതിനെ വാങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ ചത്ത ആടിനെ കൊണ്ട് ഞങ്ങള്‍ എന്തു ചെയ്യാനാണ്. നബി അവരോട് വീണ്ടും ചോദിച്ചു: എന്നാല്‍ ഇതിനെ വെറുതെ തന്നാല്‍ നിങ്ങള്‍ ആരെങ്കിലും സ്വീകരിക്കുമോ. അവര്‍ പറഞ്ഞു: നബിയേ, ജീവനുള്ളപ്പോള്‍ തന്നെ ന്യൂനതയുണ്ടതിന്. കുറ്റിച്ചെവിയനായ ആടാണത്. ഇപ്പോഴാണെങ്കില്‍ അത് ശവവുമാണ്. അപ്പോള്‍ നബി (സ) അവരോട് പറഞ്ഞു: അല്ലാഹുവാണ് സത്യം, നിങ്ങള്‍ക്ക് ഈ ശവത്തിനോട് എത്രമാത്രം പുച്ഛമാണോ അതിനേക്കാള്‍ നിസ്സാരമാണ് അല്ലാഹുവിന്റെ അടുക്കല്‍ ഐഹിക ജീവിതം. ജാബിര്‍ (റ) നിവേദനം ചെയ്ത ഈ ഹദീസ് മുസ്ലിം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.