Connect with us

franko mulakkal case

പോലീസും പ്രോസിക്യൂഷനും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ല, അപ്പീല്‍ പോകും; വികാരാധീനരായി പ്രതികരിച്ച് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍

'കന്യാസ്ത്രീ മഠങ്ങളില്‍ പണ്ടും സുരക്ഷിതരല്ല. ഇനിയും സുരക്ഷിതരായിരിക്കില്ല. കന്യാസ്ത്രീ മഠമാണ്. അതിനകത്ത് നടക്കുന്നത് ഞങ്ങള്‍ക്ക് പോലും വെളിപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങളാണ്'

Published

|

Last Updated

കോട്ടയം | പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുറിവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. വിധിയില്‍ വിശ്വാസമില്ല. അതിജീവിതയായ സിസ്റ്റര്‍കക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരും. കേസില്‍ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

വിധിയെ വിശ്വസിക്കാനാവുന്നില്ല. പോലീസും പ്രോസിക്യൂഷനും കാണിച്ച നീതി ഞങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ നിന്നും ലഭിച്ചില്ല. അതിജീവിതയായ സിസ്റ്റര്‍ക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരും. മൊഴികള്‍ എല്ലാം അനുകൂലമായി തന്നെയാണ് വന്നിരിക്കുന്നത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ. അപ്പീല്‍ പോകും. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാം. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കേസിന്റെ വാദം നടക്കുന്ന ഘട്ടത്തില്‍ അട്ടിമറികള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിന് ശേഷം അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് തോന്നുന്നത്. മരിക്കേണ്ടി വന്നാലും നീതി കിട്ടും വരെ പോരാടും. മഠത്തില്‍ നിന്ന് കൊണ്ട് തന്നെ പോരാട്ടം തുടരും. ഈ വിധി പ്രതീക്ഷിച്ചിരുന്നില്ല. വിധിയില്‍ വിശ്വാസമില്ല. എന്താണ് അവിടെ സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അന്വേഷണ സംഘത്തില്‍ വിശ്വാസമാണ്. വീഴ്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല. എവിടെ അട്ടിമറിക്കപ്പെട്ടു എന്നറിയില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കന്യാസ്ത്രീ മഠങ്ങളില്‍ പണ്ടും സുരക്ഷിതരല്ല. ഇനിയും സുരക്ഷിതരായിരിക്കില്ല. പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്. കന്യാസ്ത്രീ മഠമാണ്. അതിനകത്ത് നടക്കുന്നത് ഞങ്ങള്‍ക്ക് പോലും വെളിപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങളാണ്. ജീവിക്കാനും മരിക്കാനും തയ്യറായിട്ടാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ പറഞ്ഞു.

Latest