Siraj Article
ഞങ്ങൾ മതി, നിങ്ങൾ വേണ്ട
അസമീസ് സ്വത്വത്തെ, ഹിന്ദുത്വ കൊണ്ട് ആദേശം ചെയ്ത് ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ മാത്രം പുറത്താക്കുക എന്ന അജൻഡയാണ് ബി ജെ പിക്കും സംഘ്പരിവാരത്തിനും. ആ നൃശംസതക്ക് നല്ല വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ സംഘ്പരിവാരത്തിന് സാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പോലീസിന്റെ വെടിയേറ്റും അടിയേറ്റും വീണ മനുഷ്യന്റെ ശരീരത്തിൽ ഉന്മാദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫർ. അതൊരാളുടെ മാത്രം മനോനിലയല്ല. പൗരത്വപ്പട്ടിക പൂർത്തിയാക്കി, പുറംതള്ളുകയോ തടങ്കൽപ്പാളയത്തിലേക്ക് മാറ്റുകയോ ചെയ്യുന്നതിന് മുമ്പേ തന്നെ വികസന പദ്ധതികളുടെയൊക്കെ പേരിൽ 'തദ്ദേശീയ'ർക്ക് അവസരസൃഷ്ടിയെന്ന മറ സൃഷ്ടിച്ച് ജനതയിലൊരു വിഭാഗത്തിന്റെ വേരറുക്കുകയാണ് ഭരണകൂടം.
“നിങ്ങളും അവരും’ എന്നാണ് സാമ്രാജ്യത്വ അധിനിവേശം വേർതിരിച്ചത്. അങ്ങനെയാണ് അവർ അധികാരമുറപ്പിച്ചതും വിഭവങ്ങളെ ചൂഷണം ചെയ്തതും ദശാബ്ദങ്ങൾ ഭരിച്ചതും. അങ്ങനെ ഭിന്നിപ്പിച്ചതിന്റെ തുടർച്ചയിലാണ് വിഭജനത്തോടെയുള്ള സ്വാതന്ത്ര്യം. അധിനിവേശ ശക്തികൾ പിൻവാങ്ങിയതിന് ശേഷവും അവരുണ്ടാക്കിയ ഭിന്നിപ്പ് നിലനിന്നു. ആ ഭിന്നിപ്പിനെ വളർത്തി, അധികാരം പിടിക്കാനോ നിലനിർത്താനോ ഉള്ള ശ്രമങ്ങൾ ഊർജിതമാകുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ, മതനിരപേക്ഷ ജനാധിപത്യമായി രാജ്യത്തെ നിർവചിച്ച കോൺഗ്രസ്സ് പാർട്ടി തന്നെ “നിങ്ങളും അവരു’മെന്ന തത്വത്തെ അധികാരത്തിന് വേണ്ടി മറയാക്കുന്ന കാഴ്ച പിന്നീട് കണ്ടു. ബാബരി മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്ഥാപിച്ച്, അതിനെ രാമക്ഷേത്രമാക്കി മാറ്റിയപ്പോൾ യൂനൈറ്റഡ് പ്രൊവിൻസസ് ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാർ മൗനാനുവാദം നൽകി നിന്നത് അതുകൊണ്ടാണ്. “അവരെ’ നീക്കി നിർത്തിയാൽ “നിങ്ങളെ’ന്ന ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്ന മോഹം. ഇത് ഉത്തർ പ്രദേശിൽ ന്യൂനപക്ഷ – ഭൂരിപക്ഷ മത വിഭാഗങ്ങൾക്കിടയിലായിരുന്നുവെങ്കിൽ അസമിലത് “തദ്ദേശീയ’രും “വിദേശി’കളും തമ്മിലായിരുന്നുവെന്ന് മാത്രം. അവിടെ ബംഗാളി സംസാരിക്കുന്നവരെ പുറത്താക്കി (അതിൽ തന്നെ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾ) “തദ്ദേശീയ’രുടെ പിന്തുണ ഉറപ്പാക്കുന്ന തിരക്കിലായിരുന്നു 1950കളിലും 60കളിലും കോൺഗ്രസ്സ് പാർട്ടി. ജനവിഭാഗങ്ങൾക്കിടയിലെ ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകുക എന്നതിനേക്കാൾ എളുപ്പം ഭൂരിപക്ഷം വരുന്ന “തദ്ദേശീയ’രുടെ പിന്തുണ ഉറപ്പാക്കുക എന്നതാണ് എന്ന ലളിതഗണിതം.
“നിങ്ങളും അവരു’മെന്ന വിഭജനത്തെ “ഞങ്ങളും നിങ്ങളു’മാക്കി മാറ്റിക്കൊണ്ടാണ് തീവ്ര ഹിന്ദുത്വം സ്വാധീനമുറപ്പിക്കാൻ തുടങ്ങിയത്, അധികാരത്തിലേക്ക് വഴിവെട്ടിയതും. അധികാരമുറപ്പിച്ചതിന് ശേഷമുള്ള കാലത്ത് “ഞങ്ങൾ മതി, നിങ്ങൾ വേണ്ട’ എന്നതിലേക്ക് അവരെത്തിയിരിക്കുന്നു. അതിന്റെ പ്രകടനമാണ് അസമിലെ ധോൽപൂർ ഗ്രാമത്തിൽ കണ്ടത്. അസമിലേക്ക് അവിഭക്ത ബംഗാളിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. കൃഷിയിടങ്ങളിലെ പണിക്കും കാവലിനുമൊക്കെയായി. അങ്ങനെ അവിടെയെത്തിയവർ പല തലമുറ കടന്ന് ഇപ്പോഴും ജീവിക്കുന്നു. ചെറുതല്ലാത്ത ജനസംഖ്യ. അതുകൊണ്ടാണ് അസമിൽ അസമീസിനൊപ്പം ബംഗാളിയും ഔദ്യോഗിക ഭാഷയായിരിക്കുന്നത്. അവരെ പുറംതള്ളാൻ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സ് സർക്കാർ നടത്തിയ ശ്രമങ്ങളെ പിന്നീട് അസമീസ് സംസ്‌കാരത്തിന്റെ വക്താക്കളെന്ന് അവകാശപ്പെട്ട ആൾ അസം സ്റ്റുഡന്റ്സ് യൂനിയനും അസം ഗണപരിഷത്തും ഏറ്റെടുത്തു. വംശീയ സംഘർഷങ്ങൾ തുടർക്കഥയായി. ബംഗ്ലാദേശ് മോചനത്തിലേക്ക് നയിച്ച ഇന്ത്യാ – പാക് യുദ്ധത്തിന് തൊട്ടുമുമ്പ് കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് വന്ന അഭയാർഥികൾ കൂടിയായതോടെ “വിദേശികളെ’ പുറത്താക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയും ചെയ്തു. അതിന്റെ തുടർച്ചയിലാണ് അനൗദ്യോഗിക കണക്കനുസരിച്ച് അയ്യായിരം പേരുടെ ജീവനെടുത്ത നെല്ലി വംശഹത്യയുണ്ടാകുന്നത്. എട്ട് മണിക്കൂർ കൊണ്ട് പതിനാലോളം ഗ്രാമങ്ങളെ പൂർണമായും ഇല്ലാതാക്കിയ വംശഹത്യ. കൊല്ലപ്പെട്ടവരിലേറെയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾ. അതിൽ തന്നെ അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കാതിരുന്ന സ്ത്രീകളും കുട്ടികളും.
നെല്ലി വംശഹത്യക്ക് ശേഷമാണ് ആൾ അസം സ്റ്റുഡൻസ് യൂനിയനുമായി സന്ധി സംഭാഷണത്തിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കുന്നത്.
അസമിൽ ദേശീയ പൗരത്വപ്പട്ടികയുണ്ടാക്കാനുള്ള കരാറാണ് യൂനിയനും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാറും ഒപ്പുവെച്ചത്. ബംഗ്ലാദേശ് മോചനത്തിന് വഴിവെച്ച യുദ്ധം ആരംഭിക്കുന്ന ദിവസം വരെ അസമിലുണ്ടായിരുന്നവരെ അവിടുത്തെ പൗരന്മാരായി ഗണിക്കുകയും അതിന് ശേഷമെത്തിയവരെ പുറംതള്ളുകയുമായിരുന്നു കരാറിന്റെ ലക്ഷ്യം. അപ്പോഴും “തദ്ദേശീയരും വിദേശികളു’മെന്ന “ഞങ്ങൾ – നിങ്ങളി’ൽ ബംഗാളി സംസാരിക്കുന്നവരൊക്കെ “നിങ്ങളി’ൽപ്പെട്ടിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ മാത്രം പുറന്തള്ളുക എന്നതായിരുന്നില്ല കരാറിന്റെ ലക്ഷ്യമെന്ന് ചുരുക്കം. ആ കരാറിന്റെ ഭാഗമായ പൗരത്വപ്പട്ടിക, കേന്ദ്രവും സംസ്ഥാനവും ബി ജെ പി ഭരിക്കുന്ന കാലത്ത് തയ്യാറാക്കുകയും പൗരത്വ നിയമം ഭേദഗതി ചെയ്ത് ബംഗ്ലാദേശടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ മുസ്‌ലിംകളല്ലാത്തവർക്കൊക്കെ പൗരത്വമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തതോടെ പുറത്താക്കേണ്ടവരുടെ പട്ടികയിൽ ഇനി ശേഷിക്കുക ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾ മാത്രമാണ്. അവരെ മാത്രമാണ് ഇനി “വിദേശികളാ’യി കാണേണ്ടത്. അവരെയാണ് പുറത്താക്കേണ്ടത് എന്നതുകൊണ്ടാണ്, “തദ്ദേശീയ’രായ യുവാക്കൾക്ക് തൊഴിലവസരമുറപ്പാക്കാനുള്ള കാർഷിക പദ്ധതി നടപ്പാക്കുന്നതിന് ഭൂമി കണ്ടെത്താനായി എണ്ണൂറോളം മുസ്‌ലിം കുടുംബങ്ങളുടെ വീടുകളും അവരുടെ കുഞ്ഞുങ്ങൾ പഠിച്ചിരുന്ന പള്ളിക്കൂടവും അവർ പ്രാർഥിച്ചിരുന്ന പള്ളികളും പൊളിച്ച് ആ ഭൂമി സർക്കാറിലേക്ക് മുതൽക്കൂട്ടുന്നത്.
“തദ്ദേശീയ’രായ ചെറുപ്പക്കാർക്ക് തൊഴിലവസരമുറപ്പാക്കാനാണ് കുടിയേറ്റമൊഴിപ്പിക്കുന്നത് എന്ന് ഹിമന്ത ബിശ്വ ശർമയെന്ന ബി ജെ പി മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ, എന്ത് സംഘർഷമുണ്ടായാലും ഒഴിപ്പിക്കൽ തുടരുമെന്ന് പ്രഖ്യാപിക്കുമ്പോൾ നൽകുന്ന സന്ദേശം കൃത്യമാണ് – “ഞങ്ങൾ മതി, നിങ്ങൾ വേണ്ട’. ആറാണ്ട് മുമ്പ് മാത്രം കോൺഗ്രസ്സ് വിട്ട് ബി ജെ പിയിലെത്തിയ നേതാവാണ് ഹിമന്ത ബിശ്വ ശർമയെന്നത് പ്രത്യേകം ഓർക്കുക.
ആൾ അസം സ്റ്റുഡന്റ്സ് യൂനിയനും അതിന്റെ തുടർച്ചയായുണ്ടായ അസം ഗണ പരിഷത്തും അസമീസ് സ്വത്വത്തിൽ അധിഷ്ഠിതമായ “ഞങ്ങൾ – നിങ്ങൾ’ വേർതിരിവാണുണ്ടാക്കിയത്. കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കണമെന്നാണ് ഇപ്പോഴും അവരുടെ നിലപാട്.
അതുകൊണ്ടാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെ അവർ എതിർക്കുന്നത്. അവരെ ദുർബലപ്പെടുത്തി, അസമീസ് സ്വത്വത്തെ, ഹിന്ദുത്വ കൊണ്ട് ആദേശം ചെയ്ത് ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെ മാത്രം പുറത്താക്കുക എന്ന അജൻഡയാണ് ബി ജെ പിക്കും സംഘ്പരിവാരത്തിനും. ആ നൃശംസതക്ക് നല്ല വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ സംഘ്പരിവാരത്തിന് സാധിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പോലീസിന്റെ വെടിയേറ്റും അടിയേറ്റും വീണ മനുഷ്യന്റെ ശരീരത്തിൽ ഉന്മാദ നൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫർ. അതൊരാളുടെ മാത്രം മനോനിലയല്ല. പൗരത്വപ്പട്ടിക പൂർത്തിയാക്കി, പുറംതള്ളുകയോ തടങ്കൽപ്പാളയത്തിലേക്ക് മാറ്റുകയോ ചെയ്യുന്നതിന് മുമ്പേ തന്നെ വികസന പദ്ധതികളുടെയൊക്കെ പേരിൽ “തദ്ദേശീയ’ർക്ക് അവസരസൃഷ്ടിയെന്ന മറ സൃഷ്ടിച്ച് ജനതയിലൊരു വിഭാഗത്തിന്റെ വേരറുക്കുകയാണ് ഭരണകൂടം.
പോലീസിന്റെ ഏകപക്ഷീയമായ ക്രൂരതയും ബിജയ് ശങ്കർ ബനിയയുടെ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉന്മാദനൃത്തവും മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയും ബഹുസ്വരത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെയും ഞെട്ടിച്ചിട്ടുണ്ട്. ആ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിൽ ബനിയയെ അറസ്റ്റ് ചെയ്യാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും അസം സർക്കാർ തയ്യാറായി. അതിനപ്പുറത്ത് രാജ്യം ഭരിക്കുന്ന, ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് ശബ്ദഘോഷം മുഴക്കിയ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ അതിന്റെ ഊർജകേന്ദ്രമായ സംഘ്പരിവാരത്തിനോ എന്തെങ്കിലും പ്രയാസം അത് സൃഷ്ടിച്ചതായി തോന്നുന്നില്ല. ആ ധാരയെ പിന്തുണക്കുന്ന ദേശീയ ജിഹ്വകളെ അത് പ്രകോപിപ്പിച്ചതായും തോന്നുന്നില്ല. അങ്ങനെയെന്തെങ്കിലുമുണ്ടായിരുന്നുവെങ്കിൽ ധോൽപൂരിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ഔദ്യോഗിക കണക്കനുസരിച്ചുള്ള 800 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയെങ്കിലും പ്രകടിപ്പിക്കപ്പെടുമായിരുന്നുവല്ലോ? എന്ത് രേഖ കൈവശമുണ്ടെങ്കിലും അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെട്ട അവരിനി എവിടെ ജീവിക്കും?
ഗുജറാത്തിൽ അരങ്ങേറിയ പരീക്ഷണം മറ്റൊരു രൂപത്തിൽ ആവർത്തിക്കുകയാണ് അസമിൽ. ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിൽ ആസൂത്രകരുടെ കോടാലിയുടെ കൈ പിടിച്ചതിലേറെയും ദളിതുകളായിരുന്നു. അതിന് സമാനമായി അസമിലെ ഗോത്ര വിഭാഗങ്ങളെ ഉപയോഗിക്കുകയാണ് സംഘ്പരിവാരം, തികഞ്ഞ സാമർഥ്യത്തോടെയും കൈയടക്കത്തോടെയും.